ദുബായ്: കളിക്കളത്തിലെ മോശം പ്രകടനത്തിന് ദക്ഷിണാഫ്രിക്കൻ പേസർ കഗീസോ റബാഡയ്ക്ക് പിഴ. മാച്ച് ഫീസിന്റെ 15 ശതമാനം പിഴ ശിക്ഷയാണ് ഐസിസി റബാഡയ്ക്ക് വിധിച്ചിരിക്കുന്നത്. ശിഖർ ധവാനെ പുറത്താക്കിയതിന് ശേഷം റബാഡ കാട്ടിയ ആംഗ്യങ്ങളാണ് ഐസിസി പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണ് എന്ന് കണ്ടെത്തിയിരിക്കുന്നത്.

അഞ്ചാം ഏകദിനത്തിലെ എട്ടാം ഓവറിലായിരുന്നു സംഭവം. റബാഡയുടെ ബൗൺസർ അതിർത്തി കടത്താൻ ധവാൻ നടത്തിയ ശ്രമം ഫെക്ക്‌ലുക്ക്വായുടെ കൈകളിൽ ഒതുങ്ങുകയായിരുന്നു. ധവാന്റെ വിക്കറ്റ് നേടിയ ആവേശത്തിൽ റബാഡ താരത്തിന് ടാറ്റ നൽകി ഗ്യാലറിയിലേക്കുളള വഴി കാട്ടിക്കൊടുക്കുകയും ചെയ്തു. ഇതിനിടെ താരം എന്തോ പ്രകോപനപരമായി സംസാരിക്കുന്നതും കാണാമായിരുന്നു.

മോശം പെരുറ്റത്തിന്‍റെ പേരില്‍ മുമ്പും നടപടി നേരിട്ട താരമാണ് കഗിസോ റബാഡ. ഇതോടെ അച്ചടക്ക ലംഘനത്തിന് റബാഡയ്ക്ക് മേല്‍ ഐസിസി ചുമത്തിയ നെഗറ്റീവ് പോയിന്‍റുകള്‍ അഞ്ചായി. 2017 ഫെബ്രുവരിയില്‍ ശ്രീലങ്കയ്ക്കെതിരായ ഏകദിനത്തിനിടെ റബാഡയ്ക്ക് മൂന്ന് നെഗറ്റീവ് പോയിന്‍റ് ലഭിച്ചിരുന്നു. പിന്നാലെ ജൂലൈ ഏഴിന് നടന്ന ഇംഗ്ലണ്ട് ടെസ്റ്റില്‍ മോശം പെരുമാറ്റത്തിന്‍റെ പേരില്‍ ഒരു നെഗറ്റീവ് പോയിന്‍റും റബാഡയുടെ പേരിലായി. അച്ചടക്ക ലംഘത്തിന്‍റെ പേരില്‍ റബാഡയെ കഴിഞ്ഞ വര്‍ഷം ഐസിസി വിലക്കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ