ചെന്നൈ: ലോക ചെസ് ചാമ്പ്യനും ഒന്നാം നമ്പര്‍ താരവുമായ മാഗ്നസ് കാള്‍സണെ ഇന്ത്യയുടെ യുവ ഗ്രാന്‍ഡ്മാസ്റ്റര്‍ ആര്. പ്രജ്ഞാനന്ദ പരാജയപ്പെടുത്തി. എയര്‍തിങ്സ് മാസ്റ്റേഴ്സിന്റെ എട്ടാം റൗണ്ടിലായിരുന്നു പ്രജ്ഞാനന്ദയുടെ ജയം. കറുത്ത കരുക്കളുമായി കളിച്ച ഇന്ത്യന്‍ താരം 39 നീക്കങ്ങള്‍ക്കൊടുവിലാണ് കാള്‍സണെ കീഴടക്കിയത്.
എട്ട് റൗണ്ടുകള്‍ പൂര്‍ത്തിയാകുമ്പോള്‍ എട്ട് പോയിന്റുമായി 12-ാം സ്ഥാനത്താണ് പ്രജ്ഞാനന്ദ. ടൂര്‍ണമെന്റില്‍ ഇതുവരെ ലേവ് അരോനിയനെ മാത്രമാണ് താരത്തിന് പരാജയപ്പെടുത്താനായിരുന്നത്. രണ്ട് മത്സരങ്ങള്‍ സമനിലയാവുകയും മൂന്നെണ്ണത്തില്‍ തോല്‍ക്കുകയും ചെയ്തിരുന്നു.
അനീഷ് ഗിരി, ക്വാങ് ലീം ലെ എന്നിവർക്കെതിരെ സമനില വഴങ്ങിയ പ്രജ്ഞാനന്ദ എറിക് ഹാൻസെൻ, ഡിംഗ് ലിറൻ, ജാൻ-ക്രിസ്റ്റോഫ് ദുഡ, ഷഖ്രിയാർ മമെദ്യറോവ് എന്നിവരോടാണ് തോറ്റത്.
ഏതാനും മാസങ്ങൾക്ക് മുമ്പ് ലോക ചാമ്പ്യൻഷിപ്പ് മത്സരത്തിൽ കാൾസനോട് തോറ്റ റഷ്യയുടെ ഇയാൻ നെപോംനിയാച്ചിയാണ് 19 പോയിന്റുമായി ടൂര്‍ണമെന്റില്‍ ഒന്നാം സ്ഥാനത്തുള്ളത്. ഡിംഗ് ലിറനും ഹാൻസണുമാണ് രണ്ടാം സ്ഥാനത്ത്. ഇരുവര്‍ക്കും 15 പോയിന്റ് വീതമാണുള്ളത്.
Also Read: ‘ബാറ്റിങ്ങിനോടും നീതി പുലര്‍ത്തണമെന്ന് മഹി ഭായ് പറഞ്ഞു;’ നിര്‍ണായക നിമിഷത്തെക്കുറിച്ച് താരം