രാജ്കോട്ട്: കളിയുടെ ഏത് ഫോര്‍മാറ്റായാലും ഇന്ത്യയുടെ വിജയ ജോഡിയായിരുന്ന ആര് അശ്വിനും രവീന്ദ്ര ജഡേജയും. പന്തുകൊണ്ടും വേണ്ട സമയത്ത് ബാറ്റു കൊണ്ടും ടീമിനെ ജയിപ്പിക്കാന്‍ ഇരുവര്‍ക്കും സാധിക്കുമായിരുന്നു. എന്നാല്‍ സമീപ കാലത്തായി രണ്ടു പേരും പതിയെ ടെസ്റ്റില്‍ മാത്രമായി ഒതുങ്ങിപ്പോയിരുന്നു. തങ്ങളുടെ കാലം കഴിഞ്ഞെന്ന് പറയുന്നവര്‍ക്കെല്ലാം മറുപടി പറഞ്ഞു കൊണ്ട് ഇരുവരും മടങ്ങി വരികയാണ്.
ഏഷ്യാ കപ്പിലും വിന്‍ഡീസിനെതിരായ പരമ്പരയിലും ഇന്ത്യയുടെ വിജയത്തിന്റെ പ്രധാന പങ്ക് വഹിച്ച താരമായിരുന്നു ജഡേജ. ഇന്നലെ തന്റെ ആദ്യ ടെസ്റ്റ് സെഞ്ച്വറി നേടി ജഡേജ വീണ്ടും തന്റെ പ്രധാന്യം വെളിവാക്കി. ഇതേ സമയം തന്നെ നഷ്ടമായെന്ന് കരുതിയ അശ്വിന് മാജിക്ക് ഇപ്പോഴും കൈവശമുണ്ടെന്ന് അശ്വിനും തെളിയിച്ചു. രണ്ട് ഇന്നിങ്സിലുമായി ആറ് വിക്കറ്റുകളാണ് അശ്വിന് നേടിയത്. ഒപ്പം ഇന്ത്യയുടെ എക്കാലത്തേയും മികച്ച സ്പിന്നര്‍മാരിലൊരാളായ ഹര്‍ഭജന്റെ റെക്കോര്‍ഡും അശ്വിന് മറി കടന്നു.
വിന്‍ഡീസിനെതിരായ ആദ്യ ഇന്നിങ്സില്‍ അശ്വിന് നാല് വിക്കറ്റുകളാണ് നേടിയത്. അശ്വിന്റെ 42ാമത്തെ നാല് വിക്കറ്റ് നേട്ടമായിരുന്നു ഇത്. ഇന്ന് രണ്ട് വിക്കറ്റ് കൂടി സ്വന്തമാക്കി അശ്വിന്. ഇതോടെയാണ് ഹര്‍ഭജന്റെ റെക്കോര്‍ഡ് പിന്തള്ളി അനില്‍ കുംബ്ലെയ്ക്ക് പിന്നാലെ ഏറ്റവും കൂടുതല്‍ നാല് വിക്കറ്റുകള്‍ നേടുന്ന ബൗളറായി അശ്വിന് മാറിയത്. 66 വിക്കറ്റുകള്‍ നേടിയാണ് കുംബ്ലെ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. 37 റണ്‍സു മാത്രം വിട്ടു കൊടുത്തായിരുന്നു അശ്വിന് നാല് വിക്കറ്റെടുത്തത്.
പടുകൂറ്റന്‍ സ്കോര്‍ പിന്തുടര്‍ന്ന വിന്റീസ് ആദ്യ ഇന്നിങ്സില്‍ 181 റണ്‍സിനും രണ്ടാം ഇന്നിങ്സില്‍ 196 റണ്‍സിനും പുറത്തായി. ഇന്നിങ്സിനും 272 റണ്‍സിനുമാണ് വിജയിച്ചത്. ഇന്ന് രണ്ടാം ഇന്നിങ്സ് ബാറ്റ് ചെയ്യാനിറങ്ങിയ വിന്റീസിന് വേണ്ടി കീറണ്‍ പവലാണ് പിടിച്ചുനിന്നത്. ഒരറ്റത്ത് നിന്ന പവല്‍ 93 പന്തില്‍ നാല് സിക്സും എട്ട് ഫോറും അടക്കം 83 റണ്‍സ് നേടി. എന്നാല്‍ മറുഭാഗത്ത് 20 റണ്‍സെങ്കിലും നേടിയത് ഒരൊറ്റ താരമാണ്. റോസ്റ്റണ്‍ ചേസായിരുന്നു ഇത്.
കുല്‍ദീപ് യാദവാണ് രണ്ടാം ഇന്നിങ്സില്‍ വിന്റീസിനെ തകര്‍ത്തുവിട്ടത്. അഞ്ച് വിക്കറ്റാണ് കുല്‍ദീപ് വീഴ്ത്തിയത്. രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റ് വീഴ്ത്തി. ആദ്യ ഇന്നിങ്സില്‍ ആര് അശ്വിന്റെ നാല് വിക്കറ്റ് പ്രകടനമാണ് ഇന്ത്യയുടെ ബോളിങില്‍ മികച്ച് നിന്നത്.
ക്യാപ്റ്റന്‍ ക്രെയ്ഗ് ബ്രത്ത്വെയ്റ്റ് (10), ഷായി ഹോപ് (17), ഷിംറോണ്‍ ഹിറ്റ്മെയര് (11), കീമോ പോള്‍ (15) എന്നിവര്‍ രണ്ടക്കം കടന്നു. എന്നാല്‍ സുനില്‍ അംബ്രിസ് പൂജ്യത്തിനും ദേവേന്ദ്ര ബിഷു ഒന്‍പത് റണ്‍സിനും പുറത്തായി.