scorecardresearch
Latest News

മൂന്നാം ടെസ്റ്റിൽ അശ്വിൻ ആറ് വിക്കറ്റുകൾ വീഴ്‌ത്തുമോ ? കാത്തിരിക്കുന്നത് അപൂർവ നേട്ടം

രണ്ടാം ടെസ്റ്റിൽ ഓള്‍റൗണ്ടർ പ്രകടനത്തിലൂടെ ഗംഭീര വിജയം സമ്മാനിച്ച രവിചന്ദ്രൻ അശ്വിനിലാണ് ഇന്ത്യയുടെ പ്രതീക്ഷ

R Ashwin, Ashwin Record, R Ashwin Wickets, ആർ.അശ്വിൻ, അശ്വിന്റെ റെക്കോർഡുകൾ , ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര, ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ്

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിനായുള്ള അവസാനവട്ട തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ. പരമ്പരയിലെ ശേഷിക്കുന്ന രണ്ട് ടെസ്റ്റ് മത്സരങ്ങൾ ജയിച്ച് പരമ്പര നേടാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങൾ പൂർത്തിയായപ്പോൾ പരമ്പര 1-1 എന്ന നിലയിലാണ്.

രണ്ടാം ടെസ്റ്റിൽ ഓള്‍റൗണ്ടർ പ്രകടനത്തിലൂടെ ഗംഭീര വിജയം സമ്മാനിച്ച രവിചന്ദ്രൻ അശ്വിനിലാണ് ഇന്ത്യയുടെ പ്രതീക്ഷ. മാത്രമല്ല, ഒരു അപൂർവ നേട്ടം സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് താരം. ഏറ്റവും കുറവ് ടെസ്റ്റുകളിൽ 400 വിക്കറ്റ് തികയ്‌ക്കുന്ന ലോകത്തിലെ രണ്ടാമത്തെ ബൗളറാകുകയാണ് അശ്വിൻ ലക്ഷ്യമിടുന്നത്. ഈ നേട്ടത്തിലെത്താൻ അശ്വിന് വേണ്ടത് വെറും ആറ് വിക്കറ്റുകൾ കൂടി. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ അശ്വിൻ ഈ നേട്ടം സ്വന്തമാക്കുമെന്ന് തന്നെയാണ് ക്രിക്കറ്റ് ആരാധകർ പ്രതീക്ഷിക്കുന്നത്.

നിലവില്‍ 76 ടെസ്റ്റുകളില്‍ നിന്നാണ് അശ്വിന്‍ 394 വിക്കറ്റുകള്‍ വീഴ്ത്തിയിരിക്കുന്നത്. ന്യൂസിലൻഡ് താരം റിച്ചാര്‍ഡ് ഹാഡ്‌ലിയും ദക്ഷിണാഫ്രിക്കൻ താരം ഡെയ്‌ൽ സ്റ്റെയ്‌നുമാണ് രണ്ടാം സ്ഥാനത്ത്. ഇരുവരും 80 ടെസ്റ്റുകളില്‍ നിന്നാണ് 400 വിക്കറ്റുകൾ നേടിയിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ ആറ് വിക്കറ്റ് നേടിയാൽ അശ്വിൻ ഇരുവരെയും മറികടക്കും.

ഏറ്റവും കുറവ് മത്സരങ്ങളിൽ നിന്ന് 400 വിക്കറ്റ് നേടിയ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ശ്രീലങ്കൻ ഇതിഹാസം മുത്തയ്യ മുരളീധരനാണ്. വെറും 72 ടെസ്റ്റുകളില്‍ നിന്നാണ് മുരളീധരൻ 400 വിക്കറ്റുകൾ സ്വന്തമാക്കിയത്.

ടെസ്റ്റ് ക്രിക്കറ്റിൽ 200 ഇടംകൈയൻ ബാറ്റ്‌സ്‌മാൻമാരെ പുറത്താക്കിയ താരമെന്ന റെക്കോർഡ് രണ്ടാം ടെസ്റ്റിനിടെ അശ്വിൻ സ്വന്തമാക്കിയിരുന്നു. പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത് മുത്തയ്യ മുരളീധരനാണ്. 191 ഇടംകൈയൻമാരെയാണ് മുരളീധരൻ ടെസ്റ്റ് ക്രിക്കറ്റിൽ പുറത്താക്കിയിരിക്കുന്നത്. മൂന്നാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിന്റെ ജെയിംസ് ആൻഡേഴ്‌സൺ 190 ഇടംകൈയൻമാരുടെ വിക്കറ്റുകളാണ് വീഴ്‌ത്തിയിരിക്കുന്നത്.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: R ashwin records india vs england third test