ദുബായ്: ഓസ്ട്രേലിയക്ക് എതിരായ രണ്ടാം ടെസ്റ്റിന് പിന്നാലെ റാങ്കിങ്ങിൽ രവീന്ദ്ര ജഡേജയ്ക്ക് മുന്നേറ്റം. ബെംഗളൂരു ടെസ്റ്റില്‍ രണ്ട് ഇന്നിങ്സിലുമായി ഏഴ് വിക്കറ്റാണ് ജഡേജ വീഴ്ത്തിയത്. റാങ്കിങ്ങിൽ 892 പോയിന്റുമായാണ് ജഡേജ ഒന്നാം സ്ഥാനത്തുള്ള അശ്വിന് ഒപ്പമെത്തിയിരിക്കുന്നത്. മൂന്നാം സ്ഥാനത്തുള്ള ശ്രീലങ്കയുടെ രംഗന ഹെരാത്തിനെക്കാളും ഏറെ മുന്നിലാണ് ഇന്ത്യയുടെ സ്പിന്‍ കുന്തമുനകളായ ഇരുവരും. ഹെരാത്തിന് 827 പോയിന്റാണുള്ളത്. കരിയറില്‍ ആദ്യമായാണ് ജഡേജ ഉന്നതിയിലെത്തുന്നത്

അതേസമയം, ആദ്യമായാണ് ഒരേ ടീമിലുള്ളവര്‍ ഒന്നാം സ്ഥാനത്തിന് വേണ്ടി മത്സരിക്കുന്നത്. 2008 ഏപ്രിലിന് ശേഷം ആദ്യമായാണ് രണ്ടു പേര്‍ ഒന്നാം സ്ഥാനത്തെത്തുന്നത്. ദക്ഷിണാഫ്രിക്കയുടെ ഡയില്‍ സ്റ്റയിനും ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനുമായിരുന്നു ഒന്നാം സ്ഥാനം അലങ്കരിച്ചിരുന്നത്.

എന്നാൽ ടെസ്റ്റ് ബാറ്റ്സ്മാന്മാരുടെ റാങ്കിങ്ങില്‍ ഇന്ത്യയുടെ വിരാട് കോഹ്‌ലി രണ്ടാം സ്ഥാനത്ത് നിന്നും മൂന്നാം സ്ഥാനത്തേക്ക് ഇറങ്ങി. സ്റ്റീവന്‍ സ്മിത്തും ജോ റൂട്ടുമാണ് ബാറ്റിങ്ങില്‍ ഒന്നും രണ്ടും സ്ഥാനത്ത്. ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയില്‍ നിന്ന് അശ്വിന്‍ ഒന്നില്‍ നിന്നും രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബംഗ്ലാദേശിന്റെ ശാക്കിബ് അല്‍ഹസനാണ് ഇപ്പോള്‍ ഒന്നാം സ്ഥാനത്ത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ