ചെന്നൈ: കഴിഞ്ഞ വർഷം ഐ‌പി‌എല്ലിൽ ഏറെ ചർച്ച ചെയ്ത വിഷയമാണ് രവിചന്ദ്രൻ അശ്വിന്റെ മങ്കാദിങ്. കളിക്കളത്തിന് അകത്തും പുറത്തും വിവാദത്തിന് തിരികൊളുത്തിയ വിഷയം പുതിയ 2020 സീസൺ തുടങ്ങുന്നതിനു മുമ്പായും ചർച്ചയാകുന്നു.

ഇത് വീണ്ടും ആവർത്തിക്കുമെന്നാണ് അശ്വിൻ ഇപ്പോൾ സൂചിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ട്വിറ്ററിൽ മങ്കാദിങ് ആവർത്തിക്കുമോയെന്ന ആരാധകന്റെ ചോദ്യത്തിനു മറുപടിയായി ക്രീസിനു പുറത്തുനിൽക്കുന്ന ഏതൊരാളെയും മങ്കാദിങ്ങിലൂടെ പുറത്താക്കുമെന്ന് താരം വ്യക്തമാക്കി.

ഐപിഎല്ലിന്റെ പന്ത്രണ്ടാം പതിപ്പിൽ കിങ്‌സ് ഇലവന്‍ പഞ്ചാബ് നായകനായിരുന്ന ആർ.അശ്വിൻ രാജസ്ഥാൻ റോയൽസിന്റെ താരമായ ജോസ് ബട്‌ലറെയാണ് വിവാദ റൺഔട്ടിലൂടെ പുറത്താക്കിയത്. തുടർന്ന് താരത്തിനെതിരെ രൂക്ഷ വിമർശനങ്ങളുമായി ആരാധകരും മുൻ താരങ്ങളും രംഗത്ത് വന്നിരുന്നു.

Read Also: ക്രുണാല്‍ മാന്യനായിരുന്നു അശ്വിനെ കാഴ്ചക്കാരനാക്കി മങ്കാദിങ് അവസരം വേണ്ടെന്ന് വച്ച് താരം

മൂപ്പത്തിമൂന്നുകാരനായ ലെഗ് സ്പിന്നർ ഇത്തവണ ഡിസംബറിൽ നടന്ന ഐപി‌എൽ ലേലത്തിന് മുന്നോടിയായി ഡൽഹി ക്യാപിറ്റൽസിലോട്ട് കൂടുമാറ്റം നടത്തിയിരുന്നു. അശ്വിന്റെ പുതിയ പ്രതികരണത്തിനു പിന്നാലെ രാജസ്ഥാന്‍ റോയല്‍സ് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.

കഴിഞ്ഞ മാർച്ചിൽ രാജസ്ഥാൻ റോയൽസുമായി നടന്ന മത്സരത്തിലാണ് താരത്തിന്റെ മങ്കാദിങ് റൺഔട്ട് പിറന്നത്. കിങ്സ് ഇലവൻ ഉയർത്തിയ 185 റൺസ് വിജയലക്ഷ്യം പിന്തുടർന്ന റോയൽ‌സിനെ ബട്‌ലർ വിജയത്തോട് അടുപ്പിച്ചിരിന്നു. തുടർന്ന് വിവാദ പുറത്താക്കലിലൂടെ മത്സരം പഞ്ചാബ് സ്വന്തമാക്കുകയായിരുന്നു.

നിരവധി മുൻതാരങ്ങളടക്കം അശ്വിന്റെ നടപടിയെ ചോദ്യം ചെയ്തു. എന്നാൽ ഇതൊന്നും താരത്തെ തളര്‍ത്തിയില്ല. സ്വന്തം നടപടിയെ ന്യായീകരിക്കുകയാണ് അദ്ദേഹം ചെയ്തത്. ക്രീസിന് പുറത്തേക്കിറങ്ങി നില്‍ക്കുന്ന ഏതു ബാറ്റ്‌സ്മാനെയും റണ്ണൗട്ടാക്കാന്‍ ഐസിസി നിയമം അനുവദിക്കുന്നുണ്ടെന്നും ബട്‌ലറെ മങ്കാദിങ് ചെയ്തതില്‍ തനിക്കു കുറ്റബോധമില്ലെന്നും അന്ന് അശ്വിന്‍ വ്യക്തമാക്കിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook