മുതിർന്ന ഇന്ത്യൻ ഓഫ് സ്‌പിന്നർ അശ്വിൻ കഴിഞ്ഞ ഐപിഎല്ലിന് ശേഷം ഏറ്റവും കൂടുതൽ തവണ വാർത്തകൾ നിറഞ്ഞു നിൽക്കുന്നത് മങ്കാദിങ്ങിന്റെ പേരിലാണ്. അശ്വിനെ വിമർശിച്ച് നിരവധി ആളുകൾ രംഗത്തെത്തിയെങ്കിലും താൻ ചെയ്തതിൽ തെറ്റില്ലെന്ന് വിശ്വസിക്കുന്ന ആളാണ് അശ്വിൻ. മങ്കാദിങ്ങിന് പകരം മറ്റൊരു നിർദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ താരം. നോൺ സ്ട്രൈക്ക് എൻഡിൽ നിന്ന് ഒത്തിരി പുറത്തിറങ്ങിയാൽ ബോളർക്ക് ഒരു പന്ത് അധികമായി നൽകണമെന്നാണ് അശ്വിൻ പറയുന്നത്. എന്നാൽ ബട്‌ലറെ പുറത്താക്കിയ നടപടി തെറ്റല്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയും ചെയ്യുന്നു അശ്വിൻ.
“നോൺ സ്ട്രൈക്ക് എൻഡിൽ നിന്ന് പുറത്തേക്ക് വന്നാൽ ബോളർക്ക് ഒരു പന്ത് അധികമായി നൽകണം. ആ പന്തിൽ ബാറ്റ്സ്മാൻ പുറത്തായാൽ ബാറ്റിങ് ടീമിന്റെ ടീം സ്കോറിൽ നിന്ന് അഞ്ച് റൺസ് കുറയ്ക്കണം. നോ ബോൾ ഫ്രീ ഹിറ്റ് ബാറ്റ്സ്മാന് ബോണസ് നൽകുന്നതുപോലെ ബോളർക്കും അവസരം ലഭിക്കണം,” അശ്വിൻ ട്വീറ്റ് ചെയ്തു. ഗെയിമിന്റെ നിയമങ്ങൾ അനുവദിക്കുന്ന മങ്കാദിങ്ങിനെ കളിയുടെ ആത്മാവുമായി ബന്ധിപ്പിക്കുന്നത് അന്യായമാണെന്ന് ചൂണ്ടികാട്ടി ദിനേശ് കാർത്തിക് പോസ്റ്റ് ചെയ്ത ട്വീറ്റിന് മറുപടിയായിട്ടാണ് അശ്വിൻ രംഗത്തെത്തിയത്.
Also Read: IPL 2020: മങ്കാദിങ് ഇവിടെ വേണ്ട; അശ്വിനോട് ഡല്‍ഹി ക്യാപിറ്റല്‍സ് പരിശീലകന്‍
രവിചന്ദ്ര അശ്വിനെ ഐപിഎല്ലില്‍ മങ്കാദിങ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് പരിശീലകനായ റിക്കി പോണ്ടിങ് നേരത്തെ പറഞ്ഞിരുന്നു. പന്തെറിയുന്നതിനായി ബൗളര്‍ ഓടിയെത്തുമ്പോള്‍ നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലെ ക്രീസില്‍ നിന്നും പുറത്തേക്ക് ഇറങ്ങുന്ന ബാറ്റ്‌സ്മാനെ ബൗളര്‍ റണ്ണൗട്ടാക്കുന്ന രീതിയിലാണ് മങ്കാദിങ്. ഇന്ത്യന്‍ താരം വിനു മങ്കാദാണ് ഈ രീതി ആദ്യമായി പരീക്ഷിച്ചത്.
പഞ്ചാബിനെതിരെ മികച്ച രീതിയിൽ ബാറ്റ് ചെയ്യുന്നതിനിടയിലാണ് ബട്‌ലറെ അശ്വിൻ മങ്കാദിങ്ങിലൂടെ പുറത്താക്കുന്നത്. 43 പന്തി പത്ത് ബൗണ്ടറിയും രണ്ട് സിക്സുമടക്കം 69 റൺസെടുത്ത് നിൽക്കുമ്പോഴായിരുന്നു സംഭവം. അപ്പോൾ മുതൽ അശ്വിനെ വിമർശിച്ച് നിരവധി ആളുകൾ രംഗത്തെത്തിയിരുന്നു.