ക്രിക്കറ്റ് മൈതാനത്ത് വാശിയേറിയ പോരാട്ടങ്ങൾക്കൊപ്പം ചിലപ്പോൾ രസകരമായ സംഭവങ്ങളും നടക്കാറുണ്ട്. ജൊഹന്നാസ്ബർഗിൽ നടക്കുന്ന ദക്ഷിണാഫ്രിക്ക-ഓസ്ട്രേലിയ നാലാം ടെസ്റ്റിനിടെ സംഭവിച്ച രസകരമായൊരു കാര്യം ആഘോഷിക്കുകയാണ് സോഷ്യൽ മീഡിയ. ഒരു തേനീച്ചയെ ഭയന്ന് സ്റ്റംപിങ് മറന്നുപോയ ദക്ഷിണാഫ്രിക്കൻ താരം ക്വിന്റൺ ഡി കോക്കാണ് ഇത്തവണ ട്രോളന്മാരുടെ ഇരയായത്.

ഓസ്ട്രേലിയൻ ഇന്നിങ്സിന്റെ 30-ാം ഓവറിലായിരുന്നു തേനീച്ച കാരണം ഡി കോക്ക് സ്റ്റംപിങ് വിട്ടുകളഞ്ഞത്. കേശവ് മഹാരാജ് എറിഞ്ഞ ബോൾ ക്രീസ് കടന്ന് ഓസ്ട്രേലിയൻ താരം ഷോൺ മാർഷ് നേരിടുകയായിരുന്നു. പക്ഷേ ഷോണിന്റെ ബാറ്റിൽ കൊളളാതെ ബോൾ നേരെ വിക്കറ്റ് കീപ്പർ ക്വിന്റൺ ഡീ കോക്കിന്റെ കൈകളിലേക്ക് പോയി. ഈ സമയം ഡി കോക്കിന്റെ ഇടതു കൈയ്യിൽ ഒരു തേനീച്ച പറന്നുവന്നിരുന്നു. ഇതു കണ്ട ഡി കോക്ക് ബോൾ വിട്ട് തേനീച്ചയെ കൈയ്യിൽനിന്നും തട്ടി മാറ്റാൻ നോക്കി. അപ്പോഴേക്കും മാർഷ് തിരികെ ക്രീസിലെത്തിയിരുന്നു.

വളരെ എളുപ്പത്തിൽ വീഴ്ത്താമായിരുന്ന ഒരു വിക്കറ്റ് തേനീച്ചയെ ഭയന്ന് വിട്ടുകളഞ്ഞ ഡി കോക്കിനെ കളിയാക്കുകയാണ് ട്വിറ്റർ ലോകം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ