ക്വാറന്റൈനില്‍ കഴിയുന്ന പ്രിയ താരത്തെ കാണാൻ ആരാധകർ എത്തി, ബാൽക്കണിയിൽ നിന്ന് കുശലാന്വേഷണം; ഹൃദ്യം ഈ വീഡിയോ

ഹോട്ടലിനു പുറത്ത് നിന്ന് ആരാധകർ ദ്യോകോവിച്ചിനെ നോക്കി നൃത്തം ചെയ്യുന്നതും അവർക്കൊപ്പം കൂടി താരം ബാൽക്കണിയിൽ നിന്ന് തലയാട്ടുന്നതും വീഡിയോയിൽ കാണാം

ഓസ്ട്രേലിയൻ ഓപ്പൺ പോരാട്ടത്തിനായി എത്തിയ താരങ്ങളെല്ലാം ഇപ്പോൾ ക്വാറന്റെെനിലാണ്. നിർബന്ധിത ക്വാറന്റെെൻ പൂർത്തിയായ ശേഷമേ താരങ്ങൾക്ക് പരിശീലനം ആരംഭിക്കാൻ സാധിക്കൂ. ക്വാറന്റെെനിൽ ആയിരിക്കുക എല്ലാ താരങ്ങളെയും സംബന്ധിച്ചിടുത്തോളം വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇത് മനസിലാക്കി തങ്ങളുടെ പ്രിയ താരത്തെ കാണാൻ എത്തിയ ഒരുകൂട്ടം ആരാധകരാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുന്നത്.

സെർബിയൻ ടെന്നീസ് ഇതിഹാസം നൊവാക് ദ്യോകോവിച്ചിനെ കാണാനാണ് ഒരുകൂട്ടം ആരാധകർ എത്തിയത്. അഡ്‌ലെയ്‌ഡിൽ താരം ക്വാറന്റെെനിൽ കഴിയുന്ന ഹോട്ടലിന്റെ താഴെയാണ് ആരാധകർ എത്തിയത്. കൊച്ചു കുട്ടികളും ഈ കൂട്ടത്തിലുണ്ടായിരുന്നു. ഹോട്ടൽ മുറിയുടെ ബാൽക്കണിയിൽ വന്ന് തന്റെ ആരാധകരോട് തിരിച്ച് സ്‌നേഹം പ്രകടിപ്പിക്കാനും താരം മറന്നില്ല.

Read Also: ആറ് ഇന്ത്യൻ താരങ്ങൾക്ക് എസ്‌യുവി സമ്മാനിച്ച് ആനന്ദ് മഹീന്ദ്ര

ദ്യോകോവിച്ചിനെ കാണാനെത്തിയ കൂട്ടത്തിൽ ഒൻപത് വയസുകാരി അവ മൗകച്ചറും ഉണ്ടായിരുന്നു. ഇതിനു മുൻപ് രണ്ട് തവണ ദ്യോകോവിച്ചിനെ കാണാൻ അവ ശ്രമം നടത്തിയിരുന്നു. എന്നാൽ, സാധിച്ചില്ല. ഒടുവിൽ ഇപ്പോഴാണ് അവയ്‌ക്ക് തന്റെ സ്വപ്‌നം സാക്ഷാത്‌കരിക്കാൻ സാധിച്ചത്.

ഒൻപതുകാരി അവയുമായി ദ്യോകോവിച്ച് സൗഹൃദസംഭാഷണത്തിൽ ഏർപ്പെട്ടു. തന്നെ നോക്കി കെെ വീശുന്ന അവയെ ദ്യോകോവിച്ചിന് ഏറെ ഇഷ്ടമായി. താരവും തിരിച്ച് കെെവീശി. താനാണോ തന്റെ എതിരാളികളാണോ ഓസ്ട്രേലിയൻ ഓപ്പണിൽ ജയിക്കുക എന്ന് ദ്യോകോവിച്ച് അവയോട് ചോദിച്ചു. രണ്ടാമതൊന്ന് ആലോചിക്കാതെ അവ തന്റെ പ്രിയപ്പെട്ട താരമായ ദ്യോകോവിച്ച് തന്നെ ജയിക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞു. തന്റെ കുട്ടി ആരാധികയ്ക്ക് ദ്യോകോവിച്ച് നന്ദി പറയുകയും ചെയ്തു. ടെന്നീസ് കളിക്കാൻ താൽപര്യമുണ്ടോ എന്നും ഓസ്ട്രേലിയൻ ഓപ്പണിൽ പങ്കെടുക്കണമോ എന്നും ദ്യോകോവിച്ച് അവയോട് ചോദിച്ചു. തനിക്ക് താൽപര്യമുണ്ടെന്ന് അവ മറുപടി നൽകി. അവയ്ക്ക് എല്ലാ ആശംസകളും ദ്യോകോവിച്ച് നേരുകയും ചെയ്തു.

ഹോട്ടലിനു പുറത്ത് നിന്ന് ആരാധകർ ദ്യോകോവിച്ചിനെ നോക്കി നൃത്തം ചെയ്യുന്നതും അവർക്കൊപ്പം കൂടി താരം ബാൽക്കണിയിൽ നിന്ന് തലയാട്ടുന്നതും വീഡിയോയിൽ കാണാം.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Quarantined novak djokovic strikes conversation with sa girl from balcony video

Next Story
ആറ് ഇന്ത്യൻ താരങ്ങൾക്ക് എസ്‌യുവി സമ്മാനിച്ച് ആനന്ദ് മഹീന്ദ്ര
The moderation of comments is automated and not cleared manually by malayalam.indianexpress.com