മുംബൈ: വാങ്കഡെ സ്റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസിന്റെ വിജയകുതിപ്പിന് അന്ത്യം കുറിച്ച് പുണെ സൂപ്പർ ജയന്റ്​സ് ഫൈനലിൽ കടന്നു. ആദ്യ ക്വാളിഫൈയർ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ 20 റൺസിന് പാരാജയപ്പെടുത്തിയാണ് പുണെ ഫൈനലിൽ കടന്നത്. പുണെ ഉയർത്തിയ 163 റൺസ് പിന്തുടർന്ന മുംബൈ ഇന്ത്യൻസിന് 142 റൺസ് എടുക്കാനെ കഴിഞ്ഞുള്ളു. കൂറ്റൻ അടികൾ നടത്തിയ ധോണിയും മുംബൈ മധ്യനിരയെ തകർത്ത സ്പിന്നർ വാഷ്ടിങ്ടൺ സുന്ദറുമാണ് പുണെയ്ക്ക് ആദ്യ ഫൈനൽ പ്രവേശനം സമ്മാനിച്ചത്.

ഫൈനൽ ബർത്തിനായുള്ള പോരാട്ടത്തിൽ ടോസ് നേടിയ മുംബൈ പുണെയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. സ്കോർ 2 അക്കം കടക്കുന്നതിന് മുൻപ് പുണെയ്ക്ക് ത്രിപാഠിയുടേയും സ്റ്റീഫൻ സ്മിത്തിന്റേയും വിക്കറ്റ് നഷ്ടമായി. പിന്നീടെത്തിയ മനോജ് തിവാരിയും അജിങ്ക്യ രഹാനെയുമാണ് പുണെയെ തകർച്ചയിൽ നിന്ന് കരകയറ്റിയത്. രഹാനെ 56 ഉം, മനോജ് തിവാരി 58 റൺസുമാണ് എടുത്തത്. അവസാന ഓവറുകളിൽ ധോണി കൊടുങ്കാറ്റായപ്പോൾ പുണെ സ്കോർ 160 കടന്നു. 26 പന്തിൽ നിന്ന് 5 സിക്സറുകൾ ഉൾപ്പടെ 40 റൺസാണ് ധോണി നേടിയത്.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈക്ക് കണക്കൂകൂട്ടലുകൾ തുടക്കത്തിലേ പാളി. രോഹിത് ശർമ്മ, അമ്പാടി റായിഡു, കീറോൺ പോളാർഡ് എന്നിവരുടെ വിക്കറ്റുകൾ വീഴ്ത്തി വാഷ്ടിൺ സുന്ദർ മുംബൈയെ തകർത്തു. 52 റൺസ് എടുത്ത പാർഥീവ് പട്ടേൽ മാത്രമാണ് മുംബൈയ്ക്കായി പിടിച്ചു നിന്നത്. എന്നാൽ വാലറ്റത്തെ തകർത്ത് ഷാർദൂൽ ഠാക്കൂർ മുംബൈയുടെ കഥകഴിക്കുകയായിരുന്നു.

ആദ്യ ക്വാളിഫൈയറിൽ തോറ്റെങ്കിലും ഫൈനലിൽ കടക്കാൻ മുംബൈ ഇന്ത്യൻസിന് ഒരു അവസരം കൂടി ഉണ്ട്. ഇന്ന് നടക്കുന്ന കൊൽക്കത്ത ഹൈദ്രാബാദ് മത്സരത്തിലെ വിജയിക്ക് എതിരെ ജയിച്ചാൽ മുംബൈക്ക് ഫൈനലിൽ കടക്കാം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ