അബൂദബി: നാല് തവണ ജേതാക്കളായ ജപ്പാന് ഏഷ്യന്‍ കപ്പ് ഫൈനലില്‍ ഖത്തറിന് മുമ്പില്‍ മുട്ടുമടക്കി. കാണികൾ തിങ്ങിനിറഞ്ഞ സയിദ് സ്പോർട്ട്സ് സിറ്റി മൈതാനിയിൽ കരുത്തരായ ജപ്പാനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് ഖത്തറിന് കന്നി ഏഷ്യൻ കിരീടം. അൽമോയിസ് അലി(12), അബ്ദുള്ളസീസ് ഹാതെം(27), അക്രം അഫിഫ്(83) എന്നിവരാണ് ഖത്തറിന് വേണ്ടി വലകുലുക്കിയത്.
ആദ്യപകുതിയില്‍ നിറഞ്ഞ് കളിച്ച ഖത്തര്‍ ജപ്പാനെ പിടിച്ചുകെട്ടുന്ന പ്രകടനമാണ് കാഴ്ച്ച വെച്ചത്. ആദ്യ പകുതിയില്‍ തന്നെ രണ്ട് ഗോളുകള്‍ ജപ്പാന് വഴങ്ങി. എന്നാല്‍ രണ്ടാം പകുതിയില്‍ ജപ്പാന് വീറ് കാണിച്ച് ടാകുമി മിനാമിനോയിലൂടെ ആദ്യ ഗോള്‍ നേടി. 69ാം മിനിറ്റിൽ ആയിരുന്നു ജപ്പാന്റെ ഗോള്‍. എന്നാല്‍ പിന്നീട് അങ്ങോട്ട് ജപ്പാന് ഗോള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഖത്തര്‍ മികച്ച രീതിയില്‍ പ്രതിരോധിച്ചതോടെ ജപ്പാന്റെ മുന്നേറ്റത്തിന്റെ വേഗം കുറഞ്ഞു. 82ാം മിനുട്ടില്‍ വീണ് കിട്ടിയ പെനാള്‍ട്ടി അവസരം കൂടി ഖത്തര്‍ മുതലെടുത്തതോട ജപ്പാന്റെ പതനം പൂര്‍ണമായി.
ബോള്‍ കൈയടക്കത്തില്‍ ജപ്പാനായിരുന്നു മുമ്പിലെങ്കിലും ഖത്തര്‍ അവസരങ്ങള്‍ ലക്ഷ്യത്തിലെത്തിച്ചു. കഴിഞ്ഞ ആറുകളിയില്‍ ആറും ജയിച്ച ഖത്തര്‍ ഒരു ഗോള്‍ പോലും വഴങ്ങിയിട്ടില്ല. എതിര്‍പോസ്റ്റിലേക്ക് അടിച്ചുകേറ്റിയതാകട്ടെ 16 ഗോളുകളും. ക്വാര്‍ട്ടര്‍ ഫൈനലില്‍ ശക്തരായ ദക്ഷിണ കൊറിയയെ അട്ടിമറിച്ചതാണ് ഖത്തറികളുടെ ടൂര്‍ണമെന്റിലെ മികച്ച വിജയം.ലോകകപ്പിന് മുന്നോടിയായി ടീം എന്ന നിലയില്‍ ഖത്തറിനെ ഉയരങ്ങളിലേക്കെത്തിക്കും ഏഷ്യാകപ്പ് ജയം.