ലോകത്ത് ഏറ്റവും കൂടുതൽ കാണികളുള്ള രണ്ട് ലോകകപ്പുകളാണ് ഐസിസി ക്രിക്കറ്റ് ലോകകപ്പും ഫിഫി ഫുട്ബോൾ ലോകകപ്പും. 2018ൽ റഷ്യയിരുന്നു ഫിഫ ലോകകപ്പിന് വേദിയായത്. ഈ വർഷം ക്രിക്കറ്റ് ലോകകപ്പും ഇംഗ്ലണ്ടിൽ നടക്കാനിരിക്കെയാണ് കായിക പ്രേമികൾക്ക് ഏറെ ആഹ്ലാദം പകരുന്ന വാർത്ത പുറത്ത് വരുന്നത്.

അടുത്ത ഫിഫ ലോകകപ്പിലേയ്ക്ക് ക്രിക്കറ്റ് ലോകകപ്പ് നേടിയ ഇന്ത്യൻ താരങ്ങളെ പ്രത്യേക ക്ഷണിച്ചിരിക്കുകയാണ് അധികൃതർ. 2022ൽ ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പിലേയ്ക്കാണ് 1983ലും 2011ലും ലോകകപ്പ് നേടിയ ഇന്ത്യൻ ടീം അംഗങ്ങളെ പ്രത്യേകം ക്ഷണിച്ചിരിക്കുന്നത്. ഒരു അവാർഡ് ദാന ചടങ്ങിലാണ് ഖത്തർ ലോകകപ്പിന്റെ സിഇഒ നാസർ അൽ ഖാത്തർ ഇന്ത്യൻ താരങ്ങളെ ക്ഷണിച്ചത്.

“ഖത്തറിൽ 2022ൽ നടക്കുന്ന ലോകകപ്പ് എല്ലാവർക്കും ആഘോഷിക്കുന്നതിന് വേണ്ടിയുള്ളതാണ്. ക്രിക്കറ്റ് ഇന്ത്യയ്ക്ക് എത്രമാത്രം വലുതാണെന്ന് ഞാൻ മനസിലാക്കിയിരുന്നില്ല. ഇപ്പോഴാണ് 1983, 2011 ലോകകപ്പ് നേടി ഇന്ത്യൻ താരങ്ങൾ ഇവിടെയുണ്ടെന്ന് ഞാൻ മനസിലാക്കുന്നത്. അതുകൊണ്ട് തന്നെ ലോകകപ്പ് നേടിയ ഇന്ത്യൻ താരങ്ങളെ ഖത്തർ ലോകകപ്പിലേക്ക് പ്രത്യേകം ക്ഷണിയ്ക്കുന്നു,” നാസർ അൽ ഖാത്തർ പറഞ്ഞു.

1983ൽ കപിൽ ദേവിന്റെ നേതൃത്വത്തിൽ വെസ്റ്റ് ഇൻഡീസിനെ കീഴ്പ്പെടുത്തിയാണ് ഇന്ത്യ ആദ്യമായി ക്രിക്കറ്റ് ലോകകപ്പ് ഉയർത്തുന്നത്. 2011ൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നടന്ന ലോകകപ്പിൽ മഹേന്ദ്ര സിങ് ധോണിയുടെ നേതൃത്വത്തിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ലോകകപ്പ് ഉയർത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook