ഖത്തര്‍ ലോകകപ്പിനെത്തുന്ന ആരാധകര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുമെന്ന് അധികൃതര്‍. ലോകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഖത്തറിന്റെ കോവിഡ് പ്രതിരോധ നിയമങ്ങളെ തുടര്‍ന്നാണിതെന്ന് അധികൃതര്‍ വ്യക്തമാക്കി. 18 വയസും അതില്‍ കൂടുതലുമുള്ള എല്ലാ സന്ദര്‍ശകരും യാത്രകളും ആരോഗ്യ നിലയും അറിയുന്ന സര്‍ക്കാരിന്റെ എഹ്‌തെറാസ് ഫോണ്‍ ആപ്ലിക്കേഷനും ഡൗണ്‍ലോഡ് ചെയ്യണമെന്നും നിര്‍ദേശമുണ്ട്.
” പച്ച എഹ്തെറാസ് (ഉപയോക്താവിന് കോവിഡ്19 സ്ഥിരീകരിച്ചിട്ടില്ലെന്ന് കാണിക്കുന്നത്) ഇന്‍ഡോര്‍ സ്പെയ്സുകളില്‍ പ്രവേശിക്കുന്നതിന് നിര്‍ബന്ധമാണ്,” ലോകകപ്പ് സംഘാടകര്‍ പറഞ്ഞു. സന്ദര്‍ശകര്‍ 48 മണിക്കൂറിനുള്ളില്‍ നടത്തിയ പിസിആര്‍ പരിശോധനയില്‍ നിന്നോ 24 മണിക്കൂറിനുള്ളില്‍ നടത്തിയ റാപ്പിഡ് ടെസ്റ്റില്‍ നിന്നോ നെഗറ്റീവ് ഫലം കാണിക്കാന്‍ കഴിയണം. ആറ് വയസും അതില്‍ കൂടുതലുമുള്ള സന്ദര്‍ശകര്‍ക്കുള്ള കോവിഡ് പരിശോധനാ നയം വ്യക്തിയുടെ വാക്‌സിനേഷന്‍ നില പരിഗണിക്കാതെ തന്നെ രേഖകള്‍ നല്‍കണം. ഡെലിവറി ആന്‍ഡ് ലെഗസിക്കുള്ള സുപ്രീം കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
എന്നാല്‍ നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെയുള്ള കാലയളവില്‍ എത്തുന്ന 1.2 ദശലക്ഷം സന്ദര്‍ശകര്‍ക്ക് വാക്‌സിനേഷന്‍ നിര്‍ബന്ധമല്ല. ഖത്തറില്‍ എത്തുന്നതിന് 24 മണിക്കൂറിനുള്ളില്‍ നടത്തിയ റാപ്പിഡ് ആന്റിജന്‍ പരിശോധനകള്‍ ഔദ്യോഗിക മെഡിക്കല്‍ സെന്ററുകളില്‍ നിന്നാണെങ്കില്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ, കോവിഡിന്റെ ലക്ഷണങ്ങളില്ലെങ്കില്‍ കൂടുതല്‍ പരിശോധനകള്‍ ആവശ്യമില്ല. ദോഹയിലും പരിസരത്തുമുള്ള എട്ട് സ്റ്റേഡിയങ്ങളില്‍ എത്തിച്ചേരാന്‍ ഉപയോഗിക്കുന്ന സബ്വേ സംവിധാനങ്ങളില്‍ ഉള്‍പ്പെടെ പൊതുഗതാഗതത്തില്‍ മാസ്‌ക് ധരിക്കണം.
യുഎസിലെ ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി 2020 മുതല്‍ ശേഖരിച്ച കണക്കുകള്‍ പ്രകാരം ഖത്തറില്‍ 450,000 കോവിഡ് കേസുകളും 682 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ഖത്തറിലെ ജനസംഖ്യ കുറഞ്ഞത് 2.5 മില്ല്യണ്‍ ആണെന്ന് കണക്കാക്കപ്പെടുന്നു, അവരില്‍ 350,000 പേര്‍ മാത്രമാണ് ഖത്തര്‍ പൗരന്മാരുള്ളത്. ഖത്തറിലെ ജനസംഖ്യയുടെ 97 ശതമാനത്തിലധികം ആളുകള്‍ക്കും കുറഞ്ഞത് ഒരു ഡോസ് കോവിഡ്-19 വാക്സിനെങ്കിലും ലഭിച്ചിട്ടുണ്ടെന്ന് കണക്കുകള്‍ പറയുന്നു.