പി വി സിന്ധുവിന് സിംഗപ്പൂർ ഓപ്പൺ സൂപ്പർ 500 കിരീടം. ഞായറാഴ്ച നടന്ന വാശിയേറിയ വനിതാ സിംഗിൾസ് ഫൈനലിൽ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ സ്വര്‍ണമെഡല്‍ ജേതാവും ലോക 11-ാം നമ്പര്‍ താരവുമായ ചൈനയുടെ വാങ് ഷി യിയെ പരാജയപ്പെടുത്തിയാണ് കിരീട നേട്ടം. സിന്ധുവിന്റെ ആദ്യ സിംഗപ്പൂർ ഓപ്പൺ കിരീടവും ഈ വർഷത്തെ മൂന്നാം കിരീടവുമാണ് ഇത്.
മൂന്ന് ഗെയിമുകള്‍ നീണ്ട പോരാട്ടത്തിനൊടുവിൽ 21-9, 11-21, 21-15 എന്ന സ്കോറിനായിരുന്നു സിന്ധുവിന്റെ ജയം. സൈന നെഹ്വാളിന് ശേഷം സിംഗപ്പൂർ ഓപ്പൺ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ ബാഡ്മിന്റൺ താരമാണ് സിന്ധു.
നേരത്തെ സെമിയിൽ ജപ്പാന്റെ സയിന കവകാമിക്കെതിരെ ആധികാരിക ജയം നേടിയാണ് പി വി സിന്ധു ഫൈനലിലെത്തിയത്.
ഈ വർഷം നടന്ന കൊറിയ ഓപ്പണിലും സ്വിസ് ഓപ്പണിലും രണ്ട് കിരീടങ്ങൾ നേടിയ ശേഷമുള്ള സിന്ധുവിന്റെ കിരീട നേട്ടമാണിത്. കോമൺവെൽത്ത് ഗെയിംസിന് തയ്യാറെടുക്കുന്ന സിന്ധുവിന്റെ ആത്മവിശ്വാസം ഉയർത്തുന്നതാണ് ഈ മൂന്ന് വിജയങ്ങൾ. ജൂലൈ 28 മുതൽ ബിർമിങ്ഹാമിലാണ് ഈ വർഷത്തെ കോമൺ വെൽത്ത് ഗെയിംസ്.