ജക്കാര്‍ത്ത: 2019 ലെ ആദ്യ കിരീടം ലക്ഷ്യമിട്ടിറങ്ങിയ പി.വി.സിന്ധുവിന് നിരാശ. ഇന്ത്യോനേഷ്യ ഓപ്പണിന്റെ ഫൈനലില്‍ ജപ്പാന്‍ താരം അകാനെ യമാഗുച്ചിയോട് പരാജയപ്പെട്ടു. സ്‌കോര്‍ 15-21, 16-21.

ഒന്നാം സെറ്റിന്റെ തുടക്കത്തില്‍ സിന്ധു ആധിപത്യം പുലര്‍ത്തിയിരുന്നുവെങ്കിലും പിന്നീടത് നിലനിര്‍ത്താനായില്ല. അകാനെ ശക്തമായി തന്നെ തിരിച്ചു വരികയും കളി തന്റേതാക്കി മാറ്റുകയും ചെയ്തു. ഇതോടെ മത്സരം ഏകപക്ഷീയമായി മാറി. സിന്ധുവിന് തിരിച്ചു വരാന്‍ സാധിച്ചില്ല.

കരുത്തുള്ള സ്മാഷുകളായിരുന്നു അകാനെയുടേത്. ആ വേഗത്തിനും കരുത്തിനും മുന്നില്‍ സിന്ധു പരാജയപ്പെട്ടു. ഇതിനിടെ സ്വന്തം പിഴവുകളും സിന്ധുവിന് തിരിച്ചടിയായി. ലീഡ് നേടാനുള്ള നിരവധി ചാന്‍സുകളാണ് സിന്ധു നഷ്ടമാക്കിയത്.

സിന്ധുവും അകാനെയും ഇതുവരെ 15 തവണ നേര്‍ക്കുനേര്‍ വന്നിട്ടുണ്ട്. ഇത് അഞ്ചാം തവണ മാത്രമാണ് സിന്ധു അകാനെയോട് പരാജയപ്പെടുന്നത്. മേജര്‍ ടൂര്‍ണമെന്റുകളുടെ ഫൈനലില്‍ പരാജയപ്പെടുന്ന ശീലം സിന്ധു ഇത്തവണയും ആവര്‍ത്തിച്ചിരിക്കുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook