ഗ്ലാസ്കോ ലോക ബാഡ്മിന്റൺ ചാന്പ്യൻഷിപ്പിൽ ഇന്ത്യയുടെ പി.വി സിന്ധുവിന് വെള്ളി മാത്രം, ആവേശപ്പോരാട്ടത്തിൽ പി.വി സിന്ധുവിനെ ജപ്പാന്റെ നൊസോമി ഒകുഹാരയാണ് തോൽപ്പിച്ചത്. ആദ്യമായാണ് ഒക്കുഹാര ലോകകിരീടം നേടുന്നത്. 3 സെറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവിലായിരുന്നു ഒക്കുഹാരയുടെ വിജയം. സ്കോർ: 21-19, 20-22, 22-20.

സിന്ധുവിന്റെ മുന്നേറ്റത്തോടെയാണ് ആദ്യ സെറ്റ് ആരംഭിച്ചത്. തുടർച്ചയായി 7 പോയിന്റുകൾ നേടി സിന്ധു വ്യക്തമായ മുൻതൂക്കം നേടി. ആദ്യ ഇടവേളയ്ക്ക് പിരിയുമ്പോൾ 5 എതിരെ 11 പോയിന്റുകളുമായി സിന്ധുവായിരുന്നു ലീഡ്. എന്നാൽ ഒക്കുഹാര കളംനിറഞ്ഞ് കളിച്ച തോടെ സിന്ധു വിയർത്തു. നീണ്ട റാലികൾ കളിച്ച ഒക്കുഹാര സിന്ധുവിനെ കുഴക്കി. 18-16 എന്ന നിലയിൽ ഒക്കുഹാര ലീഡ് നേടി. എന്നാൽ 3 പോയിന്റുകൾ തുടർച്ചയായി നേടി സിന്ധു തിരിച്ചു വന്നു. പക്ഷെ തുടർച്ചയായി 3 പോയിന്റുകൾ നേടി ജപ്പാനീസ് താരം 19-21 എന്ന സ്കോറിന് ആദ്യ സെറ്റ് സ്വന്തമാക്കി. സിന്ധുവിന്റെ പിഴവ് മുതലെടുത്താണ് ഒക്കുഹാര ആദ്യ സെറ്റ് പിടിച്ചത്.

രണ്ടാം സെറ്റിലും തുടക്കം സിന്ധുവിന്റെ മുന്നേറ്റത്തോടെയായിരുന്നു 6-0 എന്ന സ്കോറിന് സിന്ധു ലീഡ് നേടി. പക്ഷെ ഒരിക്കൽക്കൂടി ഒക്കുഹാര പിന്നിൽ നിന്ന് പൊരുതിക്കയറി , സ്കോർ 12-12 എന്ന നിലയിലാക്കി. എന്നാൽ ഇത്തവണ പടിക്കൽ കലം ഉടയ്ക്കാൽ സിന്ധു തയ്യാറായില്ല. ഒരോ പോയിന്റിനും വേണ്ടി വീറോടെ കളിച്ച സിന്ധു ആദ്യം ഗെയിം പോയിന്റിൽ എത്തി. 20-19 എന്ന നിലയിൽ സെറ്റ് പോയിന്റ് എത്തിയെങ്കിലും ഒരു പോയിന്റ് കൂടി നേടി സിന്ധു രണ്ടാം സെറ്റ് പിടിച്ചു. 22-20 എന്ന സ്കോറിനാണ് സിന്ധു രണ്ടാം സെറ്റ് പിടിച്ചത്. 73 ഷോട്ടുകൾ നീണ്ട റാലിക്കൊടുവിലാണ് സിന്ധു സെറ്റ് പോയിന്റ് നേടിയത്.

മൂന്നാം സെറ്റിൽ ക്ഷീണിതയായി തോന്നിച്ചെങ്കിലും സിന്ധു ആക്രമണ ശൈലി പുറത്തെടുത്തു. അറ്റാക്കിങ്ങ് ഷോട്ടുകളിലൂടെ ഒക്കുഹാരയെ നേരിട്ട സിന്ധു ആദ്യ ഇടവേളയിൽ 11-10 എന്ന സ്കോറിന് ലീഡ് എടുത്തു. ഇടയ്ക്ക് മത്സരം വൈകിപ്പിച്ചതിന് റഫറി സിന്ദുവിന് മാച്ച് ഓർഡർ നൽകുകയും ചെയ്തു. പിന്നീടങ്ങോട്ട് ഓരോ പോയിന്റിനും ഇരു താരങ്ങളും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവെച്ചത്. 14-14,15-15,….അങ്ങനെ മത്സരം 20-20 വരെ നീണ്ടു. എന്നാൽ നിർണ്ണായക പോയിന്റുകൾ നേടി ഒക്കുഹാര ഇന്ത്യൻ ആരാധകരുടെ നെഞ്ചകം പിളർന്നു. സിന്ധുവിന് വെള്ളി മാത്രം. ജപ്പാൻ താരത്തിന് ആദ്യ ലോക കിരീടവും

ചൈനയുടെ ചെൻ യൂഫെയിയെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ താരം പി.വി.സിന്ധു ലോക ബാഡ്മിന്റൻ ചാംപ്യൻഷിപ്പിന്റെ ഫൈനലിൽ കടന്നത്. 48 മിനിറ്റ് നീണ്ട മത്സരത്തിൽ അനായാസമായാണ് സിന്ധു ഫൈനലിലേക്ക് യോഗ്യത നേടിയത്. സ്കോർ 21-13, 21-10

വനിത സിംഗിൾസിൽ ഇന്ത്യയുടെ സൈന നെഹ്‌വാളിനാണ് വെങ്കലം. ചാമ്പ്യൻഷിപ്പിന്റെ സെമിയിൽ കടന്നതോടെയാണ് സൈന വെങ്കലമുറപ്പിച്ചത്. ജപ്പാനീസ് താരം നൊസൂമി ഒക്കുഹാരയോടാണ് സൈന സെമിയിൽ പരാജയപ്പെട്ടത്. ഇതാദ്യമായാണ് 2 ഇന്ത്യൻ താരങ്ങൾ ലോകചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ