ന്യൂഡൽഹി: ഒളിംപിക്സിലെ വെളളി മെഡൽ നേട്ടത്തിന് പിന്നാലെ മറ്റൊരു സുവർണ നേട്ടംകൂടി പി.വി.സിന്ധു സ്വന്തമാക്കിയിരിക്കുകയാണ്. ബാഡ്മിന്റൻ വേൾഡ് ഫെഡറേഷൻ റാങ്കിങ്ങിൽ ആദ്യ അഞ്ചിൽ എത്തുന്ന രണ്ടാമത്തെ ഇന്ത്യൻ താരമെന്ന നേട്ടത്തോടെയാണ് സിന്ധു അഞ്ചാം സ്ഥാനത്തെത്തിയത്. കഴിഞ്ഞ മാസം നടന്ന സയ്യീദ് മോദി ഗ്രാൻപ്രിക്സിൽ കിരീടം നേടിയതോടെയാണ് സിന്ധു റാങ്കിങ്ങിൽ കുതിപ്പ് നടത്തിയത്. സൈന നെഹ്‌വാളാണ് സിന്ധുവിന് മുൻപ് ഈ നേട്ടം സ്വന്തമാക്കിയത്.
69399 പോയിന്രുമായിട്ടാണ് സിന്ധു അഞ്ചാം സ്ഥാനത്ത് എത്തിയത്. റിയോ ഒഴിംപിക്സിലെ വെള്ളിമെഡൽ നേട്ടത്തിന് ശേഷം സിന്ധു തന്റെ കരിയറിലെ ആദ്യ സൂപ്പർ സീരിയസ് കിരീടം നേടിയതും ഈ സീസണിൽ തന്നെയാണ്. ചൈന ഓപ്പണിലാണ് സിന്ധു കിരീടം ഉയർത്തിയത്. കൂടാതെ ഹോങ്കോങ്ങ് സൂപ്പർ സീരിയസിന്റെ ഫൈനലിൽ എത്താനും ഈ ഹൈദ്രാബാദുകാരിക്ക് കഴിഞ്ഞിരുന്നു.
ഇന്ത്യയുടെ മറ്റൊരു താരമായ സൈന നെഹ്‌വാൾ റാങ്കിങ്ങിൽ ഒൻപതാം സ്ഥാനത്താണ്. പുരുഷൻമാരിൽ അജയ് ജയറാം 18-ാം സ്ഥാനത്തും, കിടാംമ്പി ശ്രീകാന്ത് 21-ാം സ്ഥാനത്തുമാണ്. മലയാളിയായ എച്ച്.എസ്.പ്രണോയ് 23-ാം സ്ഥാനത്താണ്.