ഇന്തോനേഷ്യൻ ഓപ്പണിന്റെ സെമിയിലേക്ക് കുതിച്ച് ഇന്ത്യൻ താരം പി.വി.സിന്ധു. ക്വർട്ടർ ഫൈനലിൽ ജപ്പാന്റെ നൊസോമി ഒക്കുഹാരയെ പരാജയപ്പെടുത്തിയാണ് സിന്ധുവിന്റെ സെമി പ്രവേശനം. ലോക 13-ാം നമ്പർ താരത്തെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് അഞ്ചാം സീഡ് പി.വി.സിന്ധു സീസണിലെ തന്റെ ആദ്യ കിരീടം തേടി കുതിക്കുന്നത്. സ്കോർ:21-14,21-7.

മുൻ ലോകചാമ്പ്യൻ കൂടിയായ ഒക്കുഹാരക്കെതിരെ ആധികാരിക വിജയമാണ് സിന്ധു കരസ്ഥമാക്കിയത്. ആദ്യ ഗെയിമിലും രണ്ടാം ഗെയിമിലും തുടക്കത്തിലെ ലീഡെടുത്ത സിന്ധു പിന്നീട് ഒരിക്കലും താഴേക്ക് വീണില്ല. വെറും 44 മിനിട്ടില്‍ സിന്ധു പോരാട്ടം ജയിച്ച് സെമിയിലെത്തുകയായിരുന്നു.

ചൈനയുടെ ചെന്‍ ഫീ ആണ് സെമിയില്‍ സിന്ധുവിന്റെ എതിരാളി. അമേരിക്കയുടെ ബൈവന്‍ സാംഗിനെ ഒന്നിനെതിരെ രണ്ടു ഗെയിമുകള്‍ക്ക് കീഴടക്കിയാണ് ചെന്‍ ഫീ സെമിയിലെത്തിയത്. ചെന്‍ ഫീക്കെതിരെ കണക്കുകളിൽ സിന്ധു തന്നെയാണ് മുന്നിൽ. കളിച്ച ഏഴ് മത്സരങ്ങളില്‍ നാലെണ്ണം സിന്ധു ജയിച്ചപ്പോള്‍ മൂന്നെണ്ണത്തില്‍ ജയം ചൈനീസ് താരത്തോടൊപ്പമായിരുന്നു.

നേരത്തെ പുരുഷ വിഭാഗത്തിലെ ഇന്ത്യൻ പ്രതീക്ഷയായിരുന്ന കിടമ്പി ശ്രീകാന്ത് ടൂർണമെന്റിൽ നിന്ന് പുറത്തായിരുന്നു. ഹോങ്കോങ് താരത്തോട് നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെട്ടാണ് പ്രീക്വർട്ടറിൽ ഇന്ത്യൻ താരം പുറത്തായത്. പുരുഷ ഡബിൾസിലും ക്വർട്ടർ കാണാതെ ഇന്ത്യൻ താരങ്ങൾ തോൽവി സമ്മതിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook