പാരിസിൽ നടക്കുന്ന ഫ്രഞ്ച് ഓപ്പണിൽ നിന്ന് ഇന്ത്യൻ താരം പി.വി.സിന്ധു പുറത്ത്. ക്വർട്ടറിൽ തായ്‌വാന്റെ തായ് സൂ യിങ്ങിനോട് പരാജയപ്പെട്ടാണ് നിലവിലെ ലോകചാംപ്യൻ കൂടിയായ സിന്ധു ടൂർണമെന്റിൽ നിന്ന് പുറത്തായത്. സ്കോർ: 16-21, 26-24, 17-21. ഒരു മണിക്കൂറും 15 മിനിറ്റും നീണ്ടു നിന്ന പോരാട്ടത്തിനൊടുവിലാണ് സിന്ധു വീണത്.
ആദ്യ ഗെയിം നഷ്ടപ്പെടുത്തിയ സിന്ധു രണ്ടാം സെറ്റിൽ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. 33 മിനിറ്റ് നീണ്ടു നിന്ന സെറ്റിൽ ഇരു താരങ്ങളും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 26-24നായിരുന്നു രണ്ടാം സെറ്റ് അവസാനിച്ചത്. മൂന്നാം സെറ്റിൽ വീണ്ടും തായ്‌വാൻ താരം മത്സരം മുന്നേറ്റം നടത്തിയതോടെ ലോകചാംപ്യൻ സെമി കാണാതെ പുറത്ത്.
മറ്റൊരു വനിത താരം സൈന നെഹ്‌വാളും നേരത്തെ സെമി കാണാതെ പുറത്തായിരുന്നു. ദക്ഷിണ കൊറിയൻ താരം അൻ സെ യങ്ങിനോട് പരാജയപ്പെട്ടായിരുന്നു താരം പുറത്തായത്. സ്കോർ: 20-22, 21-23. പൊരുതി നോക്കിയെങ്കിലും അവസാന ഫലം ദക്ഷിണ കൊറിയൻ താരത്തിന് അനുകൂലമാവുകയായിരുന്നു.
അതേസമയം പുരുഷ ഡബിൾസിൽ ഫൈനൽ ലക്ഷ്യമാക്കി ഇന്ത്യയുടെ ചിരാഗ് ഷെട്ടി-സ്വാത്വിക് സെയ്റാജ് സഖ്യം ഇന്നിറങ്ങും. ഡെൻമാർക്കിന്റെ കിം അസ്ത്രൂപ് – ആൻഡ്രൂസ് സ്കാറുപ് സഖ്യത്തെ ക്വർട്ടറിൽ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയായിരുന്നു ഇന്ത്യൻ താരങ്ങളുടെ കുതിപ്പ്. സ്കോർ: 21-13, 22-20