ആഗസ്ത് അവസാന വാരം ഗ്ലാസ്ഗോയിൽ നടക്കുന്ന ലോക ബാഡ്‌മിന്റൺ ചാംപ്യൻഷിപ്പിന് ഇന്ത്യയിൽ നിന്ന് എട്ട് താരങ്ങൾ യോഗ്യത നേടി. പുരുഷ-വനിതാ സിംഗിൾസ് മത്സരങ്ങളിലേക്കാണ് നാല് വീതം ഇന്ത്യൻ താരങ്ങൾ യോഗ്യത നേടിയത്. ആഗസ്ത് 21 മുതൽ 27 വരെയാണ് ചാംപ്യൻഷിപ്പ്.

ദേശീയ ചാംപ്യൻ റിതുപർണ ദാത്, തൻവി ലാദ് എന്നിവരാണ് പി.വി.സിന്ധുവിനും സൈന നേഹ്‌വാളിനും പുറകിൽ വനിത സിംഗിൾസ് മത്സരത്തിലേക്ക് യോഗ്യത നേടിയിരിക്കുന്നത്. നാല് താരങ്ങളെ ചാംപ്യൻഷിപ്പിലേക്ക് ചൈനയും ജപ്പാനും എത്തിച്ചിട്ടുണ്ട്.

ഓസ്ട്രേലിയൻ ഓപ്പൺ സൂപ്പർ സീരീസ് വിജയി കിഡംബി ശ്രീകാന്ത് ആണ് ഇന്ത്യൻ പുരുഷ സിംഗിൾസ് നിരയിലെ താരം. സായ് പ്രണീത്, അജയ് ജയറാം, സമീർ വർമ എന്നിവരാണ് യോഗ്യത നേടിയ മറ്റ് മൂന്ന് പുരുഷ സിംഗിൾസ് താരങ്ങൾ.

നിലവിലെ ചാംപ്യനായ ചെൻ ലോംഗിനൊപ്പം,​അഞ്ച് വട്ടം ലോക ചാംപ്യനായ ലിൻ ഡാൻ, ഷി യുഖി, ടിയാൻ ഹോവെ എന്നിവരാണ് ചൈനയിൽ നിന്ന് പുരുഷ സിംഗിൾസിലേക്ക് യോഗ്യത നേടിയിരിക്കുന്നത്. ഇതിന് പുറമേ നാല് ശക്തരായ താരങ്ങൾ ഹോംഗ് കോംഗിൽ നിന്നും പുരുഷ സിംഗിൾസിന്റെ ലോക ചാംപ്യൻഷിപ്പിലേക്ക് എത്തുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ