ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും മൂല്യമേറിയ രണ്ട് ബാഡ്മിന്റൺ താരങ്ങളാണ് ഇന്ന് പിവി സിന്ധുവും സൈന നേഹ്‌വാളും. ബാഡ്മിന്റൺ കോർട്ടിൽ രാജ്യത്തിന്റെ കീർത്തി വാനോളം ഉയർത്തിപ്പിടിച്ചവർ. എന്നാൽ കോർട്ടിലെ മിന്നും താരങ്ങൾ തമ്മിലിപ്പോഴും അകലത്തിലാണ്.

ഇരുവരും തമ്മിൽ ഏറ്റുമുട്ടിയപ്പോഴെല്ലാം അത് ബാഡ്മിന്റൺ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഈയടുത്ത് ദേശീയ ബാഡ്മിന്റൺ ചാംപ്യൻഷിപ്പിൽ ഇരുവരും തമ്മിൽ ഫൈനലിൽ ഏറ്റുമുട്ടിയപ്പോഴും നാഗ്പൂരിൽ ആയിരക്കണക്കിന് പേരാണ് മത്സരം കാണാനുണ്ടായിരുന്നത്.

എന്നാൽ ഇരുവർക്കുമിടയിൽ സൗഹൃദം എത്രത്തോളമുണ്ട് എന്നായിരുന്നു കായികലോകം കൗതുകത്തോടെ ചോദിച്ചിരുന്നത്. പിവി സിന്ധുവാണ് ഈ ചോദ്യത്തിന് ഉത്തരം നൽകിയത്. “ഞങ്ങൾ സുഹൃത്തുക്കളാണ്. പക്ഷെ വെറും ഹായ്-ബൈ സൗഹൃദം മാത്രം”, പിവി സിന്ധു പ്രതികരിച്ചു.

പരിശീലനത്തിന്റെ ഇടവേളകളിൽ സംസാരിക്കാൻ സമയം ലഭിക്കാറില്ലെന്നാണ് ഇതിന് കാരണമായി സിന്ധു പറഞ്ഞത്. ഇരുവരും ഇപ്പോൾ പി.ഗോപിചന്ദിന് കീഴിലാണ് പരിശീലിക്കുന്നത്. പരിശീലന സമയത്ത് രണ്ടുപേരും കാണാറുണ്ട്. എന്നാൽ ഇതുവരെ അങ്ങിനെ അധികനേരം സംസാരിച്ചിട്ടില്ല.

“ശത്രുത എപ്പോഴുമുണ്ട്. കോർട്ടിൽ പോരടിക്കുമ്പോൾ രണ്ടുപേരും ജയിക്കാൻ വേണ്ടിയാണ് കളിക്കുന്നത്. ഈ സമയത്ത് ശത്രുത ഏറെ ഗുണം ചെയ്യും”, സിന്ധു പറഞ്ഞു. “കളിക്കുമ്പോൾ കളി ജയിക്കാൻ മാത്രമാണ് ശ്രമിക്കാറ്. എല്ലാവർക്കും അതാണ് വേണ്ടതും. അതൊരു വലിയ കാര്യമൊന്നുമല്ല”, സിന്ധു കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ