ഗ്ലാസ്ഗോ: ചൈനയുടെ ചെൻ യൂഫെയിയെ നേരിട്ടുള്ള സെറ്റുകളിൽ പരാജയപ്പെടുത്തി ഇന്ത്യൻ താരം പി.വി.സിന്ധു ലോക ബാഡ്മിന്റൻ ചാംപ്യൻഷിപ്പിന്റെ ഫൈനലിൽ കടന്നു. 48 മിനിറ്റ് നീണ്ട മത്സരത്തിൽ അനായാസമായാണ് സിന്ധു ഫൈനലിലേക്ക് യോഗ്യത നേടിയത്.

ആദ്യ ഗെയിമിൽ 8-8 എന്ന നിലയിൽ ഒപ്പത്തിനൊപ്പം മുന്നേറിയ ചൈനീസ് താരം പിന്നീട് കളി കൈവിട്ടു. ഇതോടെ സിന്ധുവിന്റെ പോയിന്റ് നില ക്രമമായി ഉയർന്നു. 15-9 എന്ന നിലയിൽ നിന്നാണ് ഇന്ത്യൻ താരം 21-13 എന്ന സ്കോറിൽ ഗെയിം നേടിയത്.

രണ്ടാം സെറ്റിൽ ചൈനീസ് താരം വെറും കാഴ്ചക്കാരിയാണെന്ന മട്ടിലായിരുന്നു ഇന്ത്യൻ താരത്തിന്റെ പ്രകടനം. എതിരാളി പോയിന്റ് നേടും മുൻപ് ഇന്ത്യൻ താരം എട്ട് പോയിന്റുകൾ സ്വന്തം അക്കൗണ്ടിൽ ചേർത്തു. ഇതോടെ ഗെയിമിൽ ആധിപത്യം നേടിയ സിന്ധു പിന്നീട് 21-10 എന്ന സ്കോറിൽ വിജയം കരസ്ഥമാക്കി.

മറ്റൊരു ഇന്ത്യൻ താരമായ സൈന നെഹ്‌വാളിനെ പരാജയപ്പെടുത്തിയ ജപ്പാന്റെ നൊസോമ ഒകുഹോരയാണ് ഫൈനലിൽ സിന്ധുവിന്റെ എതിരാളി. മുൻപ് രണ്ട് വട്ടം ലോകചാംപ്യൻഷിപ്പിൽ വെങ്കലം നേടിയതാണ് പി.വി.സിന്ധുവിന്റെ മികച്ച പ്രകടനം. അതേസമയം, ഒകുഹോരയും സിന്ധുവും തുല്യശക്തികളാണെന്നാണ് ബാഡ്മിന്റൻ ലോകത്തെ വിലയിരുത്തൽ. ഇരുവരും ആറ് തവണ ഇതുവരെ ഏറ്റുമുട്ടിയപ്പോൾ മൂന്ന് തവണ വീതം ഇരുവരും വിജയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ