ഇന്ത്യയുടെ മുന്‍ അന്താരാഷ്ട്ര താരം റിത്വിക് ഭട്ടാചാര്യ ജയ്പൂരില്‍ നടത്തുന്ന സ്ക്വാഷ് പരിശീലന ക്യാമ്പില്‍ സഹോദരിയോടൊപ്പമെത്തുമ്പോള് അനാഹത് സിങ്ങിന്റെ പ്രായം വെറും ഏഴ് വയസായിരുന്നു. ക്യാമ്പില്‍ വച്ച് തന്നെ അനാഹതിന്റെ മികവ് ഭട്ടാചാര്യ മനസിലാക്കുകയും മാതാവിനോട് പറയുകയും ചെയ്തിരുന്നു.
ഏഴ് വര്‍ഷത്തിന് ശേഷം കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിനൊപ്പം ബിര്‍മിങ്ഹാമിലാണ് അനാഹതുള്ളത്. ഗെയിംസില്‍ മത്സരിക്കുന്ന ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ താരം.
ഒരു സ്ക്വാഷ് താരമാക്കി അനാഹത്തിനെ മാറ്റിയെടുത്തതിന് പിതാവ് ഗുര്‍ഷരണ്‍ സിങ്ങിനായിരുന്നു ഭട്ടാചാര്യ നന്ദി പറഞ്ഞത്. “ഇത് ശരിക്കും കിങ് റിച്ചാര്‍ഡ് എന്ന ചലച്ചിത്രം പോലെയാണ്. അണ്ടര്‍ 15 വിഭാഗത്തില്‍ മത്സരിക്കുന്ന ഒരു താരത്തിനേക്കാള്‍ മികവ് അനാഹത്തിനുണ്ട്. അവളെ എങ്ങനെ മുന്നിലേക്ക് എത്തിക്കണം, ലോക ചാമ്പ്യയാക്കണം എന്നിവയാണ് അടുത്ത ഘട്ടത്തില്‍ ചെയ്യാനുള്ളത്. അനാഹത് ഒരു അതുല്യപ്രതിഭയാണെന്നതില് തര്‍ക്കമില്ല,” ഭട്ടാചാര്യ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.
വളരെ ചെറുപ്പം മുതലെ സ്ക്വാഷ് കളിക്കാന്‍ ആരംഭിച്ചതാണ് അനാഹത്തിന്റെ വളര്‍ച്ചയുടെ പ്രധാനകാരണം. മിക്ക സ്ക്വാഷ് കളിക്കാരും ചെറുപ്പമായിരിക്കുമ്പോള്‍ പന്ത് അടിക്കാനായി അവരുടെ കയ്യുടെ ശക്തിയാണ് ഉപയോഗിക്കുന്നത്. ഇതിന് കാരണം ജൂനിയര്‍ ലെവലില്‍ പന്തിന്റെ വേഗത കുറവായതിനാലാണ്. പക്ഷെ ഉയര്‍ന്ന ലെവലില്‍ എത്തുമ്പോള്‍ ഇത് താരങ്ങള്‍ക്ക് വലിയ തിരിച്ചടിയാകാറുണ്ട്.
“അനാഹത് അവളുടെ മുഴുവന്‍ ശരീരവും ഉപയോഗിച്ചാണ് പന്തടിക്കുന്നത്. വെറും കയ്യുടെ ശക്തി മാത്രം ഉപയോഗിച്ചല്ല. അതുകൊണ്ട് തന്നെ ഓരോ ഷോട്ടിലും അവളുടെ ഭാരത്തിന്റേയും വേഗതയുടേയും ഫലം ഉണ്ടാകും. ഒരു ജൂനിയര്‍ താരത്തെ സംബന്ധിച്ച് ഇത് വലിയ പ്രത്യേകതയാണ്,” ഭട്ടാചാര്യ വിശദീകരിച്ചു.
കളിക്കിടയിലെ മാനോഭാവവും പ്രധാനമാണ്. എങ്ങനെ കളിക്കുന്നു എന്ന കാര്യത്തില്‍ അനാഹത്തിന് സ്ഥിരതയുണ്ട്. വളരെ വിരളമായ സാഹചര്യത്തില്‍ മാത്രമെ അനാഹത്തിന് നിര്‍ദേശങ്ങള്‍ നല്‍കേണ്ടതായി വന്നിട്ടുള്ളു. കളിയുടെ ഒഴുക്കനുസരിച്ച് തന്ത്രങ്ങളില്‍ സ്വഭാവികമായി തന്നെ മാറ്റം വരുത്താന്‍ അനാഹത്തിനാകുന്നുണ്ടെന്നാണ് ഭട്ടാചാര്യ പറയുന്നത്.
ലോക്ക്ഡൗണ്‍ കാലത്തെ ‘ലിവിങ് റൂം പരിശീലനം’
2020 ല്‍ കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഇന്ത്യ ലോക്ക്ഡൗണിലേക്ക് നീങ്ങിയപ്പോള്‍ ഏറ്റവുമധികം പ്രതിസന്ധി നേരിട്ടത് കായിക മേഖലയായിരുന്നു. പരിശീലനത്തിനായി കായിക താരങ്ങള്‍ ഏറെ ബുദ്ധിമുട്ടി. ഭട്ടാചാര്യയുടെ സഹായത്തില്‍ ലോക്ക്ഡൗണിന്റെ അവസാന സമയത്ത് അനാഹത്തിന്റെ വീടിന്റെ ടെറസ് ഒരു മിനി സ്ക്വാഷ് കോര്‍ട്ടായി മാറി. ലോക്ക്ഡൗണിന്റെ ആദ്യ ഘട്ടത്തില്‍ പരിശീലനം മുടങ്ങാതിരിക്കാന്‍ തങ്ങളാല്‍ കഴിയുന്ന വിധം കുടുംബം പ്രവര്‍ത്തിക്കുകയും ചെയ്തു.
“ചൈനയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ ഇന്ത്യയം അടച്ചുപൂട്ടലിലേക്ക് പോകാനുള്ള സാധ്യതകളെക്കുറിച്ച് എന്റെ ഭര്‍ത്താവ് പറഞ്ഞിരുന്നു. സ്വീകരണ മുറിയിലെ എല്ലാ വസ്തുക്കളും മാറ്റി അവള്‍ക്ക് പരിശീലനത്തിനായി സൗകര്യം ഒരുക്കി. സ്വീകരണ മുറി അത്ര വലുതായിരുന്നില്ല, പക്ഷെ ആ സമയത്ത് അതുമാത്രമായിരുന്നു മുന്നിലുള്ള വഴി. ലോക്ക്ഡൗണ്‍ അവസാനിക്കാറായപ്പോള്‍ ഭിത്തിയൊക്കെ പൊട്ടിപ്പൊളിഞ്ഞിരുന്നു,” അനാഹത്തിന്റെ മാതാവ് തനി സിങ് ചിരിച്ചുകൊണ്ട് പറഞ്ഞു.
മികവനുസരിച്ച് സീനിയര്‍ ലെവലില്‍ കളിക്കാന്‍ കഴിയുമെങ്കിലും അനാഹത്തിന്റെ മാതാപിതാക്കള്‍ക്ക് സംശയമുണ്ടായിരുന്നു. ബിര്‍മിങ്ഹാമില്‍ അനാഹത്തിന് സമ്മര്‍ദങ്ങളില്ല. ഭാവിയില്‍ ഉറ്റുനോക്കേണ്ട ഒരു താരമെന്ന പേര് മാത്രമാണ് ഇപ്പോള്‍ ഉള്ളത്. കോമണ്‍വെല്‍ത്ത് ഗെയിംസ് വളര്‍ച്ചയ്ക്ക് വളമാകുന്ന ഒന്നായിരിക്കുമെന്നതില്‍ തര്‍ക്കവുമില്ല.
നിരവധി ടൂര്‍ണമെന്റുകള്‍ ഇന്ത്യയ്ക്ക് പുറത്ത് കളിച്ചിട്ടുണ്ടെങ്കിലും ഇത് ആദ്യമായാണ് അനാഹത്ത് മറ്റ് താരങ്ങള്‍ക്കൊപ്പം യാത്ര ചെയ്യുന്നത്. സാധരണഗതിയില്‍ മാതാപിതാക്കള്‍ക്കൊപ്പമായിരിക്കും യാത്രയും താമസവുമെല്ലാം.
“ആദ്യം അനാഹത്തിനെ ഗെയിംസിന് വിടേണ്ടതില്ല എന്നായിരുന്നു തീരുമാനം. അവള്‍ക്ക് ഇത് വലിയ അനുഭവമാകും. ട്രയല്സിനയച്ചപ്പോള് നന്നായി കളിച്ചെന്നറിഞ്ഞാല് തന്നെ അതൊരു ട്രോഫിക്ക് സമാനമായിരുന്നു. പക്ഷെ ടീമില്‍ ഇടം നേടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. കാരണം മുതിര്‍ന്ന താരങ്ങള്‍ക്കെതിരെ അവള് മത്സരിച്ച് കണ്ടിട്ടില്ല,” തനി കൂട്ടിച്ചേര്‍ത്തു.