പുല്‍വാമയിൽ ജയ്ഷെ മുഹമ്മദ് ഭീകരരുടെ ആക്രമണത്തിൽ 40 സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ പാക് ക്രിക്കറ്റ് താരങ്ങളുടെ ചിത്രം സ്റ്റേഡിയങ്ങളില്‍ നിന്ന് നീക്കം ചെയ്യുന്നത് തുടരുകയാണ്. ഇന്ത്യ ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന പ്രസ്താവനയ്ക്ക് പിന്നാലെ പാക് പ്രധാനമന്ത്രിയും മുൻ ക്രിക്കറ്റ് താരവുമായ ഇമ്രാൻ ഖാന്റെ ചിത്രം ധർമ്മശാല സ്റ്റേഡിയത്തിൽ നിന്നാണ് നീക്കിയത്.

നേരത്തെ  പഞ്ചാബിലെ മൊഹാലി ക്രിക്കറ്റ് സ്റ്റേഡിയത്തിലും ജയ്പൂരിലെ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തിലും പാക് താരങ്ങളുടെ ചിത്രങ്ങൾ നീക്കിയിരുന്നു.  ടൈംസ് നൗ ചാനലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇനി ലോകകപ്പിലടക്കം ഇന്ത്യ, പാക്കിസ്ഥാനെതിരെ കളിക്കരുതെന്ന ആവശ്യവുമായി ക്രിക്കറ്റ് ആരാധകർ ഒന്നടങ്കം രംഗത്തെത്തിയിട്ടുണ്ട്. പാക് ക്രിക്കറ്റ് താരം ഷോയ്ബ് മാലികിന്റെ ഭാര്യയായ ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസയെ തെലങ്കാനയുടെ ബ്രാന്റ് അംബാസഡർ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് സംസ്ഥാനത്തെ ഏക ബിജെപി എംഎൽഎ രാജാ സിങ് ആവശ്യപ്പെട്ടിട്ടുണ്ട്.

പാക്കിസ്ഥാൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് നടത്തുന്ന പാക്കിസ്ഥാൻ സൂപ്പർ ലീഗിന്റെ സംപ്രേഷണത്തിൽ നിന്ന് ഐഎംജി റിലയൻസ് പിന്മാറിയിരുന്നു. ഡീ സ്പോർട്സ് ഈ ടൂർണ്ണമെന്റ് ഇന്ത്യയിൽ സംപ്രേഷണം ചെയ്യുന്നത് നിർത്തി. പുൽവാമയിൽ ആക്രമണം നടത്തിയ ജയ്ഷെ മുഹമ്മദ് എന്ന ഭീകരസംഘടനയുടെ ആസ്ഥാനം പാക്കിസ്ഥാനാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook