പുൽവാമ ഭീകരാക്രമണത്തിൽ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ പിന്തുണച്ച് പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. യാതൊരു തെളിവുമില്ലാതെ ഇന്ത്യ പാക്കിസ്ഥാന് മേൽ കുറ്റമാരോപിക്കുകയാണെന്ന് അഫ്രീദി പറഞ്ഞു. പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ നിന്ന് റിലയൻസ് ഗ്രൂപ്പ് പിന്മാറിയതിനെയും അഫ്രീദി വിമർശിക്കുന്നു. വിദ്യാഭ്യാസമുള്ളവർ ഒരിക്കലും ഇങ്ങനെ പ്രതികരിക്കില്ലെന്നും അഫ്രീദി പറഞ്ഞു.
അഫ്രീദിയെ ഉദ്ധരിച്ച് പാക് മാധ്യമ പ്രവർത്തകനായ സാജ് സാദീഖാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. “യാതൊരു തെളിവുമില്ലാതെ ഇന്ത്യ പാക്കിസ്ഥാന് മേൽ കുറ്റമാരോപിക്കുകയാണ്. പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഇക്കാര്യത്തെക്കുറിച്ച് വളരെ വ്യക്തമായി മറുപടി നല്‍കിയിട്ടുണ്ട്. ഇന്ത്യയുമായി മാത്രമല്ല, അഫ്ഗാനിസ്ഥാനും, ഇറാനും, ചൈനയുമായും പാക്കിസ്ഥാന്‍ മികച്ച ബന്ധമാണ് ആഗ്രഹിക്കുന്നത്,” അഫ്രീദി പറഞ്ഞു.
മറ്റൊരു ട്വീറ്റിൽ പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ നിന്നുമുള്ള റിലയൻസിന്റെ പിന്മാറ്റത്തെയും അഫ്രീദി വിമർശിക്കുന്നുണ്ട്. “വിഷമഘട്ടത്തിലാണ് നമ്മുടെ യഥാര്‍ഥ സുഹൃത്തുക്കള്‍ ആരൊക്കെയാണെന്ന് നമ്മള്‍ തിരിച്ചറിയുക. തങ്ങൾ വിദ്യാസമ്പന്നരാണെന്ന് കാണിയ്ക്കാൻ ഇവർ എന്തൊക്കെയാണ് കാട്ടികൂട്ടുന്നത്? വിദ്യാസമ്പന്നർ ഒരിക്കലും ഇങ്ങനെ പെരുമാറില്ല,” അഫ്രീദി പറഞ്ഞു.
അതേസമയം, പാക് ക്രിക്കറ്റ് താരങ്ങളുടെ ചിത്രങ്ങൾ രാജ്യത്തെ വിവിധ സ്റ്റേഡിയങ്ങളിൽ നിന്ന് നീക്കുന്നത് ബിസിസിഐ തുടരുകയാണ്. മുംബൈ, ബെംഗളൂരു, മൊഹാലി ഉൾപ്പെടെ പല സ്റ്റേഡിയങ്ങളിലെയും പാക് താരങ്ങളുടെ ചിത്രങ്ങൾ നീക്കിക്കഴിഞ്ഞു.