സിഡ്നി: ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിലെ അവസാന ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിനം താരമായത് ചേതേശ്വർ പൂജാരയാണ്. ശക്തമായ ബാറ്റിങ് പ്രകടനം പുറത്തെടുത്ത ഓപ്പണർ മായങ്ക് അഗർവാൾ പുറത്തായതിന് പിന്നാലെ ക്രീസിൽ നിലയുറപ്പിച്ച പൂജാര ഒരിക്കൽ കൂടി സെഞ്ചുറി തികയ്ക്കുകയായിരുന്നു. താരത്തിന്രെ സെഞ്ചുറി മികവിൽ ആദ്യ ദിനം ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 303 റൺസെന്ന ശക്തമായ നിലയിലാണ്.

കരുതലോടെ ബാറ്റ് വീശിയ പൂജാര 250 പന്തുകളിൽ നിന്ന് 130 റൺസുമായി ക്രീസിൽ തുടരുകയാണ്. കരിയറിലെ തന്റെ 18-ാം സെഞ്ചുറിയാണ് പൂജാര സിഡ്നിയിൽ കുറിച്ചത്. ഈ പര്യടനത്തിലെ മൂന്നാമത്തെയും. നേരത്തെ അഡ്‍ലെയ്ഡിലും മെൽബണിലും പൂജാര സെഞ്ചുറി നേടിയിരുന്നു. ആദ്യ ടെസ്റ്റില്‍ 123 റണ്‍സും മൂന്നാം ടെസ്റ്റില്‍ 106 റണ്‍സുമാണ് പൂജാരയുടെ സമ്പാദ്യം.

സിഡ്നിയിലും സെഞ്ചുറി നേടിയതോടെ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസവുമായ സുനിൽ ഗവാസ്കറിന്റെ നേട്ടത്തിനൊപ്പമെത്താൻ പൂജാരയ്ക്കായി. ഓസ്ട്രേലിയൻ മണ്ണിൽ ഒരു പരമ്പരയിൽ ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടുന്ന രണ്ടാമത്തെ താരമായാണ് പൂജാര മാറിയത്. നാല് സെഞ്ചുറികൾ നേടിയ വിരാട് കോഹ്‍ലിയാണ് മുന്നിൽ. കഴിഞ്ഞ ഓസ്ട്രേലിയൻ പര്യടനത്തിൽ നാല് സെഞ്ചുറികളാണ് കോഹ്‍ലി നേടിയത്.

ഓസ്‌ട്രേലിയന്‍ പരമ്പരയിൽ 1000ത്തിലധികം പന്തുകൾ നേരിടുന്ന അഞ്ചാമത്തെ താരമായും പൂജാര മാറി. രാഹുല്‍ ദ്രാവിഡ്, വിജയ് ഹസാരെ, വിരാട് കോഹ്‌ലി, സുനില്‍ ഗവാസ്‌കര്‍ എന്നിവരാണ് ഓസ്‌ട്രേലിയയില്‍ ആയിരത്തിലധികം പന്ത് നേരിട്ട താരങ്ങള്‍.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ