ഡിസംബർ 26ന് ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയുടെ ഫാസ്റ്റ് ബൗളർമാർ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് ചേതേശ്വർ പൂജാര. എല്ലാ മത്സരങ്ങളിലും 20 വിക്കറ്റുകൾ നേടാനും അവർക്ക് കഴിയുമെന്ന് മുതിർന്ന ബാറ്ററായ പൂജാര പറഞ്ഞു.
“ഫാസ്റ്റ് ബൗളർമാരാണ് ഞങ്ങളുടെ ശക്തി, അവർക്ക് ഈ സാഹചര്യങ്ങൾ പ്രയോജനപ്പെടുത്താനും എല്ലാ ടെസ്റ്റ് മത്സരങ്ങളിലും 20 വിക്കറ്റുകൾനേടാനും കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഞങ്ങൾ വിദേശത്ത് കളിച്ചപ്പോഴെല്ലാം ഇരു ടീമുകളും തമ്മിലുള്ള വ്യത്യാസം അവരായിരുന്നു,” പൂജാര ഒരു പ്രാദേശിക മാധ്യമത്തോട് പറഞ്ഞു.
“നിങ്ങൾ ഓസ്ട്രേലിയൻ പരമ്പര നോക്കിയാലും, ഇംഗ്ലണ്ട് പരമ്പര നോക്കിയാലും, ഒരു ബൗളിങ് യൂണിറ്റ് എന്ന നിലയിൽ ഞങ്ങൾ മികച്ച പ്രകടനം കാഴ്ചവെച്ചത് കാണാനാവും. ദക്ഷിണാഫ്രിക്കയിലും അത് സംഭവിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്,” 92 ടെസ്റ്റുകളിൽ നിന്നും 6589 റൺസ് നേടിയിട്ടുള്ള പൂജാര പറഞ്ഞു.
ഇന്ത്യയിൽ കുറച്ചു ടെസ്റ്റ് മത്സരങ്ങൾ കളിച്ചത് ടീമിനെ ഗുണം ചെയ്യുമെന്നും പൂജാര പറഞ്ഞു. “ഞങ്ങൾ ഇന്ത്യയിൽ രണ്ട് ടെസ്റ്റ് മത്സരങ്ങൾ കളിച്ചു എന്നത് നല്ല കാര്യമാണ്, അതിനാൽ മിക്കവരും ആ ടച്ചിലുണ്ട്, തയ്യാറെടുപ്പിന്റെ കാര്യത്തിൽ, സപ്പോർട്ട് സ്റ്റാഫ് അംഗങ്ങൾ മികച്ചതാണ്. അവർ ഞങ്ങളെ നന്നായി പിന്തുണയ്ക്കുന്നു, ആദ്യ ടെസ്റ്റിനു പോകുന്നതിന് മുൻപ് ഞങ്ങൾക്ക് അഞ്ചോ ആറോ ദിവസം കൂടിയുണ്ട്,” പ്രധാന പരിശീലകൻ രാഹുൽ ദ്രാവിഡിനെയും ടീമിനെയും പരാമർശിച്ച് പൂജാര കൂട്ടിച്ചേർത്തു.
Also Read: കോഹ്ലിയുടെ മനോഭാവം ഇഷ്ടമാണ്; പക്ഷെ ഒരുപാട് കലഹിക്കും: ഗാംഗുലി
ഡിസംബർ 16ന് ആണ് ഇന്ത്യ ദക്ഷിണാഫ്രിക്കയിൽ എത്തിയത്. സെഞ്ചൂറിയനിലെ ബോക്സിംഗ് ഡേ ടെസ്റ്റിന് തയ്യാറെടുക്കാൻ 10 ദിവസം ധാരാളമെന്നാണ് പൂജാര വിശ്വസിക്കുന്നത്.
“ഞങ്ങൾക്ക് തയ്യാറെടുക്കാൻ മതിയായ സമയമുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്, എല്ലാവരും പരമ്പരയ്ക്കായി കാത്തിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയിൽ ആദ്യ പരമ്പര നേടാനുള്ള ഏറ്റവും നല്ല അവസരമാണിത്. അതിനാൽ നാമെല്ലാവരും അതിനായി കാത്തിരിക്കുകയാണ്. ”
ബയോ-ബബിൾ അതിന്റേതായ വെല്ലുവിളികളുണ്ട്, പക്ഷേ ഇത് ടീമിനെ കൂടുതൽ അടുപ്പിക്കുന്നുണ്ടെന്നും ഈ സമയത്ത് ഇഷ്ടപ്പെട്ട പ്രവൃത്തി ചെയ്യാൻ കഴിയുന്നത് നല്ല കാര്യമാണെന്നും പൂജാര പറഞ്ഞു.