ന്യൂഡല്‍ഹി: ലൈംഗികാരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ തലവന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ നടപടി ആവശ്യപ്പെട്ട ജന്തര്‍ മന്തറില്‍ സമരം നടത്തുന്ന ഗുസ്തി താരങ്ങളെ സന്ദര്‍ശിച്ച് ഇന്ത്യന്‍ ഓളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് പി ടി ഉഷ. നിരവധി താരങ്ങള്‍ക്കെതിരെ ബ്രിജ് ഭൂഷണ്‍ ലൈംഗികാതിക്രമം നടത്തിയെന്നാണ് ആരോപണം.
സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, ബജ്റംഗ് പൂനിയ തുടങ്ങിയ താരങ്ങളുമായി ഉഷ സംസാരിച്ചു. കായിക താരങ്ങള്‍ തെരുവില്‍ സമരം ചെയ്യുന്നത് അച്ചടക്കമില്ലായ്മയാണെന്നും ഇത്തരം പ്രവര്‍ത്തികള്‍ രാജ്യത്തിന് കളങ്കമുണ്ടാക്കുമെന്നുമെന്നും പറഞ്ഞതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഉഷ സമരപന്തലില്‍ എത്തിയത്. നരേന്ദ്ര മോദി സർക്കാർ കായികതാരങ്ങള്‍ക്കൊപ്പമാണ് നിലകൊള്ളുന്നതെന്ന് കായികമന്ത്രി അനുരാഗ് താക്കൂർ പറഞ്ഞതിന് പിന്നാലെയാണ് ഉഷയുടെ സന്ദര്‍ശനം.
തങ്ങള്‍ക്കൊപ്പമാണ് നില്‍ക്കുന്നതെന്നും നീതി ഉറപ്പാക്കുമെന്നും ഉഷ പറഞ്ഞതായി ബജറംഗ് പൂനിയ കൂടിക്കാഴ്ചയ്ക്ക് ശേഷം അറിയിച്ചു.
“വിഷയം പരിശോധിച്ച് എത്രയും വേഗം പരിഹാരം കാണുമെന്ന് അവര്‍ ഉറപ്പ് നല്‍കി. ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് ജയിലില്‍ പോകുന്നത് വരെ ഞങ്ങളുടെ പോരാട്ടം തുടരും,” ബജറംഗ് പൂനിയ കൂട്ടിച്ചേര്‍ത്തു.
തെരുവില്‍ സമരത്തിന് പോകുന്നതിന് മുന്‍പ് ഐഒഎയുടെ അത്ലീറ്റ്സ് കമ്മിഷനെ സമീപിക്കാമായുരുന്നുവെന്ന് ഉഷ ഏപ്രില്‍ 27-ാം തീയതി നടത്തിയ പ്രതികരണത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഉഷയുടെ വാക്കുകളെ രൂക്ഷമായ ഭാഷയിലായിരുന്നു താരങ്ങള്‍ വിമര്‍ശിച്ചത്.
ഒരു വനിത അത്ലീറ്റായിട്ടുകൂടി മറ്റ് വനിത അത്ലീറ്റുകളെ കേള്‍ക്കാന്‍ ഉഷ തായാറായില്ല. കുട്ടിക്കാലം മുതല്‍ അവരെ പിന്തുടര്‍ന്ന് വന്നവരാണ് ഞങ്ങള്‍. എവിടെയാണ് അച്ചടക്കമില്ലായ്മ, ഞങ്ങള്‍ സമാധാനപരമായാണ് സമരം ചെയ്യുന്നത്, സാക്ഷി മാലിക്ക് പറഞ്ഞു. ഉഷയുടെ വാക്കുകളെ വിനേഷ് ഫോഗട്ടും തള്ളിയിരുന്നു.