മാച്ചുകള്‍ വിജയിക്കുന്നതില്‍ ഏറെ നിര്‍ണായകമാവുന്നത് ക്യാച്ചുകള്‍ തന്നെയാണ്. പലപ്പോഴും അപകടങ്ങള്‍ വരെ കണക്കിലെടുക്കാതെയാണ് ക്രിക്കറ്റ് താരങ്ങള്‍ പന്തിനായി പറക്കുക. അത്തരമൊരു ക്യാച്ചാണ് 37ാം വയസില്‍ ഷാഹിദ് അഫ്രിദി എടുത്തത്. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലാണ് വിസ്മയിപ്പിച്ചൊരു ക്യാച്ച് പിറന്നത്.
ക്വറ്റ ഗ്ലാഡിയേറ്റേഴ്സിന് എതിരായ മത്സരത്തിലാണ് കറാച്ചി കിംഗ്സ് താരം അഫ്രിദി മികച്ചൊരു ക്യാച്ച് നേടിയത്.

31 റണ്‍സെടുത്ത് കളം നിറഞ്ഞാടിയ ഉമര്‍ ആമിനാണ് മുഹമ്മദ് ഇര്‍ഫാന്റെ പന്ത് ഉയര്‍ത്തിയടിച്ചത്. പന്ത് ബൗണ്ടറി കടക്കുമെന്ന് ഏവരും കരുതിയെങ്കിലും അഫ്രിഡി ഡൈവ് ചെയ്യുകയായിരുന്നു. വലത് കൈ കൊണ്ട് പന്ത് ചാടിപ്പിടിച്ച അദ്ദേഹം ബൗണ്ടറിയിലേക്ക് ചാഞ്ഞപ്പോള്‍ പന്ത് മുകളിലേക്ക് എറിഞ്ഞ് വീണ്ടും പിടിച്ചു.

അംബയര്‍മാരേയും കാണികളേയും സഹതാരങ്ങളേയും ഒന്നടങ്കം വിസ്മയിപ്പിച്ച ക്യാച്ച് വീണ്ടും പരിശോധിച്ച ശേഷമാണ് ഔട്ട് വിധിച്ചത്. ദുബായില്‍ വെച്ച് നടന്ന മത്സരത്തില്‍ കറാച്ചി 19 റണ്‍സിനാണ് വിജയിച്ചത്. 150 റണ്‍സാണ് ടീം നേടിയത്. പിന്നാലെ അഫ്രിദിയെ പുകഴ്ത്തി സോഷ്യല്‍മീഡിയയില്‍ പോസ്റ്റുകള്‍ നിറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ