ഫുട്ബോൾ ട്രാൻസ്ഫർ മാർക്കറ്റിൽ ചരിത്രം രചിച്ച് പാരിസ് സെന്റ് ജർമൻ ക്ലബ്. റെക്കോർഡ് തുകയ്ക്ക് ബ്രസീലിയൻ താരം നെയ്മറെ ടീമിൽ എത്തിച്ചതിനു പിന്നാലെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ കൈമാറ്റ തുകയ്ക്ക് മറ്റൊരു താരത്തെക്കൂടി പിഎസ്ജി ടീമിൽ എത്തിച്ചിരിക്കുകയാണ്. ഫ്രഞ്ച് ഫുട്ബോളിലെ പുത്തൻ താരോദയമായ കൈൽ എംബൈപെയെയാണ് പിഎസ്ജി റെക്കോർഡ് തുകയ്ക്ക് ടീമിൽ എത്തിച്ചിരിക്കുന്നത്. 165 മില്യൺ യൂറോയാണ് എംബാപെയ്ക്കായി പിഎസ്ജി മുടക്കിയിരിക്കുന്നത്.

സമകാലിക ഫുട്ബോളിലെ അതി സമർഥനായ താരമെന്ന് വിശേഷിപ്പിക്കുന്ന താരമാണ് എംബാപെ. ഫ്രഞ്ച് ലീഗിലെ മൊണോക്കോ ക്ലബിലൂടെ വളർന്ന് വന്ന എംബാപെ കഴിഞ്ഞ സീസണിൽ 26 ഗോളുകളാണ് നേടിയത്. ഇതിന്റെ ഇരട്ടിയിലേറ ഗോളുകൾക്ക് വഴിയൊരുക്കാനും ഈ ഇടങ്കാലൻ താരത്തിന് കഴിഞ്ഞു.

18 വയസ്സ് മാത്രം പ്രായമുള്ള എംബാപെ ഇതിനകം തന്നെ ദേശീയ ടീമിനായി അരങ്ങേറ്റവും കുറിച്ചു കഴിഞ്ഞു. 2018 ൽ നടക്കാനിരിക്കുന്ന ഫുട്ബോൾ ലോകകപ്പിലെ ശ്രദ്ധേയനായ താരമാണ് എംബാപെ. എംബാപെയും കൂടി എത്തുന്നതോടെ യൂറോപ്പിലെ കരുത്തുറ്റ ടീമുകളിൽ ഒന്നായി പിഎസ്ജി മാറിയിട്ടുണ്ട്. നെയ്മറും, എംബാപെയും, എഡിസൻ കവാനിയുമാണ് ക്ലബിന്റെ അക്രമണം നയിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ