ഫുട്ബോളിൽ രാജ്യങ്ങളുടെ പോരാട്ടങ്ങളെക്കാൾ എന്നും വാശിയും വീറും നിറയുന്നതാണ് ക്ലബ്ബ് പോരാട്ടങ്ങൾ. വിവിധ ലീഗുകളിൽ വമ്പൻ താരങ്ങൾ അണിനിരക്കുമ്പോൾ ഒരോ മത്സരങ്ങളും വ്യത്യസ്തവും കഠിനവുമാകും. ഒരേപോലെ നാണക്കേടിന്റെയും അഭിമാനത്തിന്റെയും പുതിയ റെക്കോർഡുകൾ പിറക്കുന്നതും ലീഗുകളിൽ പതിവാണ്.
ഫ്രഞ്ച് ലീഗിലെ വമ്പന്മാരായ പാരിസ് സെന്റ് ജർമ്മൻ അത്തരത്തിൽ ഒരു നേട്ടം ആഘോഷിക്കുകയാണ്. ലില്ലെയ്ക്കെതിരെ നേടിയ വിജയത്തോടെ പിഎസ്‌ജി ഈ സീസണിൽ തങ്ങളുടെ തുടർച്ചയായ പന്ത്രണ്ടാം വിജയമാണ് കുറിച്ചത്. ഇതോടെ ക്ലബ്ബ് യൂറോപ്പിൽ പുതുചരിത്രവും എഴുതി. യൂറോപ്പിലെ പ്രധാന ലീഗുകളിൽ സീസണിലെ ആദ്യ മത്സരം മുതൽ തുടർച്ചയായി ഏറ്റവുമധികം ജയം നേടുന്ന ടീമെന്ന നേട്ടമാണ് പിഎസ്‌ജി സ്വന്തമാക്കിയത്.
1961-ൽ ടോട്ടനം കുറിച്ച തുടർച്ചയായ 11 മത്സരങ്ങളിലെ ജയമെന്ന റെക്കോർഡാണ് പിഎസ്ജി മറികടന്നത്. ഈ വിജയത്തോടെ, ലീഗിൽ രണ്ടാമതുള്ള ലിലെയെക്കാൾ 11 പോയിന്റ് മുകളിലാണ് പിഎസ്ജി.
A record: games, wins to start the @Ligue1_ENG season!
#ICICESTPARIS pic.twitter.com/3PXY2q4nI7
— Paris Saint-Germain (@PSG_English) November 2, 2018
കളിയുടെ 70-ാം മിനിറ്റിൽ കെയിലിയൻ എംബാപ്പെയിലൂടെ മുന്നിലെത്തിയ പിഎസ്ജി 84-ാം മിനിറ്റിൽ സൂപ്പർ താരം നെയ്മറിലൂടെ ലീഡ് ഉയർത്തി. 93-ാം മിനിറ്റിൽ നിക്കോളാസ് പെപ്പെയാണ് ലില്ലെയ്ക്കായി ആശ്വാസ ഗോൾ കണ്ടെത്തിയത്. നിലവിൽ എല്ലാ മത്സരങ്ങളും വിജയിച്ച പിഎസ്ജി 36 പോയിന്റുകളുമായി പട്ടികയിൽ ഒന്നാം സ്ഥാനത്താണ്.
നെയ്മർ, എംബാപ്പെ, കവാനി, ഡി മരിയ, സിൽവ, മ്യൂനിയർ അങ്ങനെ വലിയ താര നിരയുമായാണ് പിഎസ്ജി യൂറോപ്യൻ ശക്തികളായി മുന്നേറുന്നത്.