ഇന്ത്യൻ വനിത ബാസ്കറ്റ്ബോൾ ടീമിലെ സ്ഥിര സാനിധ്യമാണ് വയനാട്ടുകാരി പി.എസ്.ജീന. വയനാട് ചുരമിറങ്ങി ഇനി ഓസ്ട്രേലിയൻ ലീഗിൽ കളിക്കാനൊരുങ്ങുകയാണ് ഇന്ത്യൻ ദേശീയ ടീം നായിക കുടിയായ ജീന. ഓസ്ട്രേലിയയിലെ വിക്ടോറിയയിലുള്ള ‘റിങ്‍വുഡ് ഹ്വാക്‌സ്’ ടീമില്‍ കളിക്കാനാണ് ജീനയ്ക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്.
ഓസ്ട്രേലിയൻ ലീഗിൽ കളിക്കാൻ അവസരം ലഭിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ് ജീന. മലയാളിയായ ഗീതു അന്ന ജോസാണ് ഈ നേട്ടം കൈവരിച്ച ആദ്യ ഇന്ത്യൻ താരം. തന്റെ റോൾ മോഡൽ കൂടിയായ ഗീതുവിന് ശേഷം ഓസ്ട്രേലിയയിൽ കളിക്കാൻ അവസരം ലഭിച്ച ആദ്യ താരമാകുന്ന സന്തോഷത്തിലാണ് ജീനയും.
ഓസ്ട്രേലിയയിലെ വിക്ടോറിയിൽ സംഘടിപ്പിക്കുന്ന സെമി പ്രഫഷണൽ ലീഗാണ് ബിഗ് വി. ലീഗിലെ പ്രമുഖ ക്ലബ്ബായ റിങ്‍വുഡ് ഹ്വാക്‌സിൽ കളിക്കാനാണ് താരം ഒരുങ്ങുന്നത്. ലീഗിൽ ഇതുവരെ ഏറ്റവുമധികം കിരീടങ്ങൾ ഉയർത്തിയ ടീമിലേക്കാണ് ജീനയ്ക്ക് ക്ഷണം.
ജീനയുമായി എട്ടുമാസത്തെ കരാറാണ് റിങ്‍വുഡ് ഹ്വാക്‌സ് ഒപ്പുവച്ചിരിക്കുന്നത്. ഇതില്‍ തന്നെ രണ്ട് മാസത്തെ പരിശീലനവും ഉൾപ്പെടുന്നു. അടുത്ത വര്‍ഷം ജനുവരി 17 മുതല്‍ താരം റിങ്‍വുഡ് ഹ്വാക്‌സിന്റെ ഭാഗമാകും.
കഴിഞ്ഞവര്‍ഷം അവസാനം കേരളത്തില്‍ സംഘടിപ്പിച്ച രാജ്യാന്തര ഹൂപ്പത്തോണ്‍ ഫൈവ് പരമ്പരയില്‍ ജീനയുടെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. ഈ പ്രകടനം തന്നെയാണ് ഓസ്ട്രേലിയൻ ലീഗിൽ കളിക്കാൻ താരത്തിന് അവസരമൊരുക്കിയതെന്ന് ക്ലബ്ബ് അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസിലും ഏഷ്യന്‍ ഗെയിംസിലും ഇന്ത്യന്‍ ടീമിനെ നയിച്ചത് ജീനയായിരുന്നു. 2009 മുതല്‍ ഇന്ത്യയുടെ യൂത്ത് ടീമില്‍ കളിച്ചു തുടങ്ങിയ ജീന 2012 മുതല്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായി മാറി. ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ഇന്ത്യന്‍ ടീമിലെ സ്ഥിരാംഗമായി മാറി.