ഐ-ലീഗിൽ വെന്നിക്കൊടി പാറിച്ച് ഗോകുലം എഫ് സി കേരളത്തിനു നൽകിയത് ഐ ലീഗിൽ ഒരു കേരള ക്ലബിന് ലഭിക്കുന്ന കന്നി കിരീടം. മത്സരത്തിന്റെ അവസാന ഇരുപതുമിനിറ്റിലാണ് കേരളത്തിലെ ഫുട്ബോൾ ആരാധകർക്ക് മറക്കാനാവാത്ത കിരീട വിജയം ഗോകുലം എഫ്സി സമ്മാനിച്ചത്. അതുവരെ മണിപ്പൂരിന്റെ ട്രാവൂ എഫ് സിക്ക് നേരെ വീശിക്കൊണ്ടിരുന്ന വിജയക്കാറ്റ് ഗതിമാറി തിരികെ വീശുകയായിരുന്നു.
മത്സരത്തിന്റെ എഴുപതാം മിനിറ്റുവരെ ഒരു ഗോളിന് പിന്നിലായിരുന്ന ഗോകുലം എഫ് സി അവസാന ഇരുപത് മിനിറ്റിലും ഇഞ്ചുറി ടൈമിലുൾപ്പടെ മൂന്ന് ഗോളുകൾ പായിച്ചാണ് കിരീടം സ്വന്തമാക്കിയത്. 70-ാം മിനിറ്റിൽ ഷെരീഷ് മുഹമ്മദാണ് ഗോകുലം എഫ്സിക്കായി ആദ്യ ഗോൾ നേടിയത്. പിന്നാലെ 74-ാം മിനിറ്റിൽ എമിൽ ബെന്നി, 77-ാം മിനിറ്റിൽ ഡെന്നിസ് അഗ്യാരെ, ഇൻജുറി ടൈമിന്റെ അവസാന സെക്കൻഡിൽ മുഹമ്മദ് റാഷിദ് എന്നിവരും ഗോൾ നേടി. ലീഗിൽ ഉടനീളം മികച്ച മത്സരം കാഴ്ചവച്ചാണ് ഗോകുലം കിരീടം ഉറപ്പിച്ചത്.
പോയിന്റ് നിലയിൽ ചർച്ചിൽ ബ്രദേഴ്സിനോട് ഒപ്പത്തിനൊപ്പം നിന്ന ഗോകുലത്തിനു മികച്ച ഗോൾ ശരാശരിയാണ് ഫൈനലിലേക്കുള്ള വഴി തുറന്നത്. ലീഗിൽ 15 മത്സരങ്ങളിൽ നിന്നായി ഒൻപത് വിജയവും രണ്ട് സമനിലയുമായി 29 പോയിന്റായിരുന്നു ഗോകുലത്തിന്റെ സമ്പാദ്യം. ലീഗിലെ ആദ്യ മത്സരത്തിൽ ചെന്നൈയോട് രണ്ട് ഗോളുകൾക്ക് തോറ്റാണ് ഗോകുലം തുടങ്ങിയത്.
Read Also: ‘ഹാർദിക് പാണ്ഡ്യയെ ബൗളറായി ഉപയോഗിക്കാത്തതിനു കാരണം’; കോഹ്ലി വ്യക്തമാക്കുന്നു
രണ്ടാം മത്സരത്തിൽ മിനർവ പഞ്ചാബിന് 4-3 ന് തോൽപിച്ച് തിരിച്ചു വന്നെങ്കിലും മൂന്നാം മത്സരത്തിൽ ഐസ്വെൽ എഫ് സി യുടെ അടുത്ത് കാലിടറി. അതിന്റെ വിഷമം തീർത്ത് മൂന്നാം മത്സരത്തിൽ നെറോക്ക എഫ് സി യെ 4-1 ന് തകർത്ത് വൻ തിരിച്ചു വരവ്. പിന്നീട് അങ്ങോട്ട് മികച്ച വിജയങ്ങൾ. ഇടക്ക് മുഹമ്മദൻ എഫ് സി യോടും ചർച്ചിൽ ബ്രദർസിനോടും തോറ്റെങ്കിലും ലീഗ് പോയിന്റ് ടേബിളിന്റെ ആദ്യ നാലിൽ ഗോകുലം ഏറെക്കുറെ സുരക്ഷിതരായിരുന്നു.
15 മത്സരങ്ങളിൽ എതിർ ടീമിന്റെ ഗോൾ വല 31 തവണ കുലുക്കിയ ഗോകുലത്തിന്റെ ഗോൾ വല എതിരാളികൾക്ക് 17 തവണ മാത്രമേ കുലുക്കാൻ സാധിച്ചിരുന്നുള്ളു. കേരളത്തിന് വേണ്ടി ഏറ്റവും കൂടുതൽ തവണ എതിരാളികളുടെ വല കുലുക്കിയത് ഡെന്നിസ് അഗ്യാരെയാണ്. 11 തവണ എതിർ പോസ്റ്റുകളിലേക്ക് ബോൾ പായിച്ച അഗ്യാരെ ലീഗിലെ ഗോൾ സ്കോറർമാരിൽ രണ്ടാമതാണ്. ലീഗിൽ അഞ്ച് മത്സരങ്ങളിലാണ് ടീമിന് ക്ലീൻ ചീട്ട് ലഭിച്ചത്.