എംഎസ് ധോണി എന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം കണ്ട മികച്ച നായകന്മാരിൽ ഒരാൾ നായക സ്ഥാനം ഒഴിഞ്ഞപ്പോഴാണ് വിരാട് കോഹ്‌ലി ആ സ്ഥാനത്തേക്ക് എത്തുന്നത്. ഏകദേശം അര പതിറ്റാണ്ടായി ഇന്ത്യയെ മുന്നിൽ നിന്ന് നയിക്കുന്നത് കോഹ്‌ലിയാണ്. കൃത്യമായി പറഞ്ഞാൽ 2014 ഓസ്ട്രേലിയൻ പര്യടനത്തിനിടയിൽ ധോണി വിരമിക്കൽ പ്രഖ്യാപനം നടത്തിയതോടെയാണ് താരം ഇന്ത്യൻ ടീമിന്റെ അമരത്ത് എത്തുന്നത്. ഇക്കാലം വരെ നിരാശപ്പെടുത്തിയിട്ടില്ലെങ്കിലും ഒരു മാറ്റം അത് ഉണ്ടാകേണ്ടതാണല്ലോ?
ഐസിസി കിരീടങ്ങളൊന്നും നേടാനായില്ലെങ്കിലും കോഹ്‌ലിക്ക് കീഴിൽ ഇതിനോടകം നിരവധി ജയങ്ങൾ സ്വന്തമാക്കി കഴിഞ്ഞു ടീം ഇന്ത്യ. ഇന്ത്യയ്ക്ക് ഏറ്റവും കൂടുതൽ ടെസ്റ്റ് വിജയങ്ങൾ സമ്മാനിച്ച നായകനെന്ന പട്ടമുൾപ്പടെ നായക കുപ്പായത്തിലും നിരവധി റെക്കോർഡുകൾക്ക് ഉടമയായ വിരാട് കോഹ്‌ലി ഇന്ത്യൻ നായകസ്ഥാനം ഒഴിയുമ്പോൾ ആരാകും അവിടേക്ക് എത്തുകയെന്ന ചോദ്യത്തിന് വലിയ പ്രസക്തിയുണ്ട്. സാധ്യത പട്ടികയിലുള്ള താരങ്ങൾ ആരൊക്കെയെന്ന് നോക്കാം.
Also Read: ഐപിഎൽ ഉപേക്ഷിച്ചാൽ ബിസിസിഐയ്ക്ക് നഷ്ടം 2,000 കോടി
രോഹിത് ശർമ
നിശ്ചിത ഓവർ ക്രിക്കറ്റിൽ ഇന്ത്യയുടെ ഉപനായകൻ കൂടിയായ രോഹിത് ശർമ്മയാണ് പട്ടികയിലെ ഒന്നാമൻ. പ്രായത്തിൽ കോഹ്‌ലിയേക്കാൾ മുന്നിലാണെങ്കിലും അടുത്ത സമയങ്ങളിൽ കോഹ്‌ലി നായകസ്ഥാനം ഒഴിഞ്ഞാൽ ആദ്യം ആ സ്ഥാനത്തേക്ക് എത്തുക രോഹിത് തന്നെയായിരിക്കും. നിലവിൽ കോഹ്‌ലിയുടെ അഭാവത്തിൽ ടീമിനെ നയിക്കുന്ന ഇടക്കാല ക്യാപ്റ്റന്റെ റോളിൽ തിളങ്ങുന്ന രോഹിത്തിന് മുഴുവൻ സമയനായകനായും തിളങ്ങാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.
Also Read: കോഹ്‌ലിയോട് മാത്രം മുട്ടാൻ നിക്കല്ലേ; ബോളർമാർക്ക് മുന്നറിയിപ്പുമായി മുൻ പാക് നായകൻ
2017ൽ ശ്രീലങ്കയ്ക്കെതിരെയാണ് രോഹിത് ആദ്യമായി ഇന്ത്യൻ നായകന്റെ റോളിലെത്തുന്നത്. അന്ന് ഏഴ് വിക്കറ്റ് ജയത്തോടെ തുടങ്ങിയ താരം പിന്നീട് 19 മത്സരങ്ങളിൽകൂടെ ഇന്ത്യയെ നയിച്ചു. 15ലും ജയം ഇന്ത്യയ്ക്ക് നേടിത്തന്ന രോഹിത്തിന്റെ വിജയശതമാനം 80 ആണ്. മുംബൈ ഇന്ത്യൻസിന് നാല് ഐപിഎൽ കിരീടം നേടികൊടുത്ത നായകന്റെ കൈകളിൽ ഇന്ത്യൻ ടീമിന്റെ ഭാവിയും ഭദ്രമായിരിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
അജിങ്ക്യ രഹാനെ
ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ ഉപനായകനാണ് അജിങ്ക്യ രഹാനെയെന്ന മുംബൈ ക്രിക്കറ്റർ. 2016 മുതൽ ഇന്ത്യൻ ടീമിന്റെ അമരത്തുള്ള താരം ഓസ്ട്രേലിയക്കെതിരെയും അഫ്ഗാനെതിരെയുമെല്ലാം ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച നായകനാണ്. മധ്യനിരയിലെ കരുത്തനായ ബാറ്റ്സ്മാൻ കളി തന്ത്രങ്ങൾ മെനയുന്നതിലും കേമനാണ്.
Also Read: ലോകകപ്പ് ഫൈനലിലെ ധോണിയുടെ നിർണായക തീരുമാനത്തിന് പിന്നിൽ സച്ചിൻ; സാക്ഷിയായി സെവാഗും
ടെസ്റ്റിൽ മാത്രമല്ല ഏകദിന-ടി20 ഫോർമാറ്റുകളിലും ഇന്ത്യയുടെ നായകനായി കളിച്ചിട്ടുള്ള താരമാണ് രഹാനെ. 2015ൽ സിംബാബ്‌വെയ്ക്കെതിരെ ഇന്ത്യയ്ക്ക് പരമ്പര നേടിത്തന്ന നായകൻ. ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാനെയും ആഭ്യന്തര ക്രിക്കറ്റിൽ മുംബൈയെയും നയിച്ചുള്ള പരിചയം രാജ്യാന്തര വേദിയിൽ താരത്തിന്റെ സാധ്യതകൾ വർധിപ്പിക്കുന്നു.
കെഎൽ രാഹുൽ
മുന്നേ പരാമർശിക്കപ്പെട്ട രണ്ട് താരങ്ങളെപോൽ ഇന്ത്യയെ നയിച്ച് അത്ര പരിചയമുള്ള താരമല്ല രാഹുൽ. എന്നാൽ രാജ്യാന്തര ക്രിക്കറ്റിലെ വലിയ അനുഭവ സമ്പത്ത് താരത്തിന്റെ മുതൽകൂട്ടാണ്. ബാറ്റിങ് ലൈൺഅപ്പിൽ ഏത് നമ്പരിലും ഇറങ്ങാൻ സാധിക്കുമെന്ന് തെളിയിച്ച താരം വിക്കറ്റിന് പിന്നിലും തിളങ്ങി. യുവതാരം റിഷഭ് പന്ത് പരുക്കേറ്റ് പുറത്ത് പോയതോടെയാണ് ഏകദിന-ടി20 ഫോർമാറ്റുകളിൽ വിക്കറ്റ് കീപ്പറായി രാഹുൽ എത്തിയത്. അതും ഭംഗിയാക്കിയ താരത്തിനെ ഒരിക്കൽ നായകസ്ഥാനത്തും എത്തിച്ചു മാനേജ്മെന്റ്.
ഇന്ത്യൻ പ്രീമിയർ ലീഗിലേക്ക് എത്തുമ്പോൾ കിങ്സ് ഇലവൻ പഞ്ചാബിന്റെ നിയുക്ത നായകനാണ് രാഹുൽ. രാജ്യന്തര വേദികളിൽ ഇന്ത്യൻ നായകനാകാൻ സാധ്യതയുള്ള താരം.