ചെന്നൈ: പ്രഥമ പ്രോ വോളിബോൾ ലീഗിന്റെ സെമി പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കമാകും. ആദ്യ സെമിയിൽ കാലിക്കറ്റ് ഹീറോസ് യു മുംബ വോളിയെ നേരിടും. രാത്രി 6.50ന് ചെന്നൈ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിലാണ് മത്സരം.

ലീഗിൽ അപരാജിതരായാണ് കാലിക്കറ്റ് ഹീറോസിന്റെ കുതിപ്പ്. പ്രാഥമിക റൗണ്ടിൽ കളിച്ച് അഞ്ച് മത്സരങ്ങളും ജയിച്ച ഏക ടീമാണ് കാലിക്കറ്റ് ഹീറോസ്. ജയമെല്ലാം വ്യക്തമായി ആധിപത്യത്തോടെയാണെന്നതും എടുത്ത് പറയണം. ആദ്യ മത്സരത്തിൽ ചെന്നൈ സ്‌പാർട്ടൺസിനെ കോഴിക്കോട് പരാജയപ്പെടുത്തിയത് ഒന്നിനെതിരെ നാല് സെറ്റുകൾക്ക്. രണ്ടാം മത്സരത്തിൽ മുംബൈയ്ക്കെതിരായ ജയം രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്കായിരുന്നു.

കേരള ഡർബിയിൽ ശക്തരായ കൊച്ചിയെ ഒരു സെറ്റ് പോലും സ്വന്തമാക്കാൻ അനുവദിക്കാതെ 5-0ന്റെ ജയമാണ് കോഴിക്കോട് നേടിയത്. ഹൈദരാബാദിനെതിരെ കോഴിക്കോടിന്റെ ജയം രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്ക് ആയിരുന്നെങ്കിൽ അവസാന മത്സരത്തിൽ അഹമ്മദാബാദിനെ കോഴിക്കോട് പരാജയപ്പെടുത്തിയത് ഒന്നിനെതിരെ നാല് സെറ്റുകൾക്കായിരുന്നു.

താരസമ്പന്നമാണ് കാലിക്കറ്റ് ഹീറോസ്. കേരളതാരം ജെറോം വിനീത് നയിക്കുന്ന ടീമിന്റെ പ്രധാന കരുത്ത് അറ്റാക്കർ അജിത്‍ ലാലാണ്. അഞ്ച് കളികളിൽ നിന്ന് ഇതിനോടകം 64 പോയിന്റുകൾ നേടി കഴിഞ്ഞ താരമാണ് അജിത് ലാൽ. അജിത്തിനൊപ്പം അമേരിക്കൻ താരം പോൾ ലോട്മാനും ജീത്തുവും ചേരുന്നതോടെ അക്രമണനിര കൂടുതൽ ശക്തമാകും.

കർണാടക നായകൻ കാർത്തിക്കും കോംഗോ താരം ഇലൗനിയും പ്രതിരോധ നിരയിൽ കോട്ടകെട്ടും. ലീഗിൽ ഇതുവരെ സെർവിലൂടെ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ താരമാണ് കാർത്തിക്ക്. ഇന്ത്യയിലെ തന്നെ പേരുകേട്ട ലിബറോമാരിൽ ഒരാളായ രതീഷ് കൂടി എത്തുന്നതോടെ ടീം സമ്പൂർണമാകും.

കൊച്ചി ചുവപ്പിച്ച കാലിക്കറ്റ് ഹീറോസിന്റെ ആരാധക കൂട്ടായ്മയായ ചെമ്പട കൂടി ചെന്നൈയിൽ എത്തുന്നതോടെ ടീമിന്റെ ശക്തി ഇരട്ടിയാകും. കൊച്ചിയിൽ നടന്ന മത്സരങ്ങളിൽ ചെമ്പടയുടെ സാനിധ്യം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

മറുവശത്ത് മുബൈയാകട്ടെ രണ്ട് മത്സരങ്ങൾ മാത്രം ജയിച്ചാണ് സെമി യോഗ്യത നേടിയത്. ഉദ്ഘാടന മത്സരത്തിൽ കൊച്ചിയോട് 4-1ന് തോറ്റുകൊണ്ടായിരുന്നു മുബൈയുടെ തുടക്കം. കാലിക്കറ്റ് ഹീറോസിന് പ്രാഥമിക റൗണ്ടിൽ പരാജയപ്പെട്ടത് 3-2നും. ഹൈദരാബാദിനോടും അതേ സെറ്റിന് പരാജയപ്പെട്ട മുബൈയെ എന്നാൽ അവസാന രണ്ട് മത്സരങ്ങൾ വിജയിച്ചു.

ചെന്നൈയെ അവരുടെ തട്ടകത്തിൽ 3-2നും ഇന്നലെ നടന്ന നിർണായക മത്സരത്തിൽ അഹമ്മദാബാദിനെ ഒന്നിനെതിരെ നാല് സെറ്റുകൾക്കുമാണ് മുബൈ പരാജയപ്പെടുത്തിയത്. ആദ്യ സെറ്റ് കൈവിട്ട മുംബൈ അതിവേഗം മത്സരത്തിലേയ്ക്ക് തിരിച്ചു വരുകയായിരുന്നു.

ദീപേശ് സിംഹ നയിക്കുന്ന മുംബൈയെ നിസാരരായി കാലിക്കറ്റ് കാണുന്നില്ല. വിദേശ അറ്റാക്കർമാരായ നിക്കോളാസും കോസ്ക്കോവിച്ചുമാണ് ടീമിന്റെ പ്രധാന കരുത്ത്. ഒപ്പം അക്രമണത്തിന് മൂർച്ച കൂട്ടാൻ ഇന്ത്യൻ താരം പങ്കജ് ശർമ്മയും. നായകൻ ദീപേശ് തന്നെയാണ് പ്രതിരോധനിരയുടെ കാവൽക്കാരനും. സഖ്‌ലെയ്നും ജോണും പ്രതിരോധത്തിൽ ഉറച്ച് നിക്കുമ്പോൾ സെറ്ററാകുക പർശാന്ത് സരോഹയായിരിക്കും. യൂണിവേഴ്സൽ താരങ്ങളായി ശുഭം ചൗദരിയും വിനീത് കുമാറും ഒപ്പം ലിബറോ വെങ്കിടേശും എത്തുമ്പോൾ ടീം പൂർണ സജ്ജം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ