കൊച്ചി: പ്രഥമ പ്രോ വോളിബോൾ ലീഗിന്റെ ഉദ്ഘാടന മത്സരത്തിൽ കൊച്ചി ബ്ലൂ സ്പൈക്കേഴ്സിന് തകർപ്പൻ ജയം. കൊച്ചി ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നേരിട്ടുള്ള സെറ്റുൾക്കായിരുന്നു കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് യു മുംബ വോളിയെ പരാജയപ്പെടുത്തിയത്. ആകെയുള്ള അഞ്ച് സെറ്റുകളിൽ നാലും സ്വന്തമാക്കിയാണ് കൊച്ചി ടൂർണമെന്റിലെ ആദ്യ ജയം സ്വന്തം അക്കൗണ്ടിൽ ചേർത്തത്. സ്കോർ :15-11, 15-13, 15-08, 15-10, 05-15.
മോഹൻ ഉക്രപാണ്ഡ്യന്റെ നേതൃത്വത്തിലിറങ്ങിയ കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് തുടക്കം മുതൽ മത്സരത്തിൽ ആഥിപത്യം പുലർത്തി. അമേരിക്കൻ താരം ഡേവിഡ് ലീയുടെ തകർപ്പൻ സ്മാഷുകളും ബ്ലോക്കുകളും, ടീമിന്റെ ആകെ ഒത്തിണക്കവും കൊച്ചിയ്ക്ക് കന്നി ജയം സമ്മാനിച്ചു. ഗ്യാലറിയിൽ നിറഞ്ഞ നീലപ്പടുടെ പിന്തുണ കൂടിയായതോടെ ബ്ലൂ സ്പൈക്കേഴ്സ് അനായാസം ജയം സ്വന്തമാക്കുകയായിരുന്നു.
മത്സരത്തിൽ ആദ്യം പോയിന്റ് കണ്ടെത്തിയത് യൂ മുംബ ആയിരുന്നു. പ്രഭാകരനിലൂടെ കൊച്ചി ഒപ്പം പിടിച്ചു. പിന്നീട് ഇരു ടീമുകളും ശക്തമായ പോരാട്ടം കാഴ്ചവെച്ചതോടെ മത്സരത്തിന്റെ ആവേശം ആദ്യം തന്നെ ആവോളം ഉയർന്നു. എന്നാൽ കൊച്ചി ബ്ലൂ സ്പൈക്കേഴ്സിന്റെ പ്രതിരോധം ഭേദിക്കാൻ യൂ മുംബ പരാജയപ്പെട്ടതോടെ ആദ്യ സെറ്റ് കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് സ്വന്തമാക്കി.
രണ്ടാം സെറ്റിൽ ശക്തമായ തിരിച്ചുവരവിന് യു മുംബ ശ്രമിച്ചെങ്കിലും കൊച്ചി തന്നെ സെറ്റ് സ്വന്തമാക്കുകയായിരുന്നു. രണ്ടാം സെറ്റിൽ മുന്നിട്ട് നിന്നതും മുംബൈ തന്നെ. എന്നാൽ 15-13ന് രണ്ടാം സെറ്റും കൊച്ചി സ്വന്തമാക്കി. മൂന്നാം സെറ്റിൽ സർവ്വ വീര്യവും ചോന്ന മുംബൈ കൊച്ചിയ്ക്ക് മുന്നിൽ 15-8ന് അടിയറവ് സമ്മതിച്ചു.
നാലാം സെറ്റിലും യു മുംബയ്ക്ക് കാര്യമായി ഒന്നും ചെയ്യാനില്ലായിരുന്നു. നാലാം സെറ്റ് കൊച്ചി സ്വന്തമാക്കിയത് 15-10ന്. എന്നാൽ അഞ്ചാം സെറ്റിൽ ആശ്വാസ ജയത്തിനായ പൊരുതിയ മുംബൈ ലക്ഷ്യം പൂർത്തിയാക്കി. അവസാന സെറ്റ് 15-5ന് മുംബൈ സ്വന്തമാക്കി. എന്നാൽ ജയം ആദ്യ നാല് സെറ്റുകൾ സ്വന്തമാക്കിയ കൊച്ചിയ്ക്ക് തന്നെയായിരുന്നു.