പ്രഥമ പ്രോ വോളിബോൾ ടൂർണമെന്റിന് ഒരുങ്ങി കൊച്ചി. ഉദ്ഘാടന മത്സരത്തിൽ കേരളത്തിൽ നിന്നുള്ള കൊച്ചി ബ്ലൂ സ്‍പൈക്കേഴ്സും ഇന്ത്യയുടെ വ്യവസായ നഗരത്തിന്റെ പേരും കരുത്തുമായി എത്തുന്ന യു മുംമ്പ വോളിയും ഏറ്റുമുട്ടും. ആദ്യ മത്സരം കാണാൻ നിരവധി വോളിബോൾ ആരാധകരാണ് കൊച്ചിയിലെ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തികൊണ്ടിരിക്കുന്നത്.

ക്രിക്കറ്റ്, ഫുട്‌ബോള്‍ ലീഗുകള്‍ ഇന്ത്യയില്‍ വിജയമായതോടെയാണ് മറ്റ് കായിക ഇനങ്ങള്‍ക്കും ഇന്ത്യയില്‍ ലീഗുകള്‍ ആരംഭിക്കുന്നത്. കബഡി, ബാഡ്മിന്‌റന്‍ ലീഗുകളും ഇന്ത്യന്‍ കായിക മേഖലയിൽ കാര്യമായ മാറ്റത്തിന് വഴിവച്ചു. ഈ ഗണത്തിലേക്കാണ് ഇപ്പേള്‍ പ്രോ വോളിവോള്‍ ലീഗും എത്തുന്നത്. പ്രഥമ വോളിബോള്‍ ലീഗിലെ ആദ്യ സര്‍വിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് അവശേഷിക്കുന്നത്.

ഇന്ത്യൻ പ്രീമിയർ ലീഗിനും, ഇന്ത്യൻ സൂപ്പർ ലീഗിനും കഴിഞ്ഞിടയ്ക്ക് നടന്ന പ്രോ കബഡി ലീഗിനും നൽകിയ അതേ പിന്തുണയാണ് പ്രോ വോളിബോൾ ലീഗിനും കേരളത്തിലെ കായിക പ്രേമികൾ നൽകുന്നത് എന്നതിന്റെ തെളിവാണ് ഉദ്ഘാടന മത്സരത്തിന് എത്തുന്ന കാണികളുടെ എണ്ണം. ഇത് കൊണ്ടു തന്നെയാണ് ടൂർണമെന്റിന്റെ രണ്ട് വേദികളിലൊന്നായി കേരളത്തെ തിരഞ്ഞെടുത്തതും.

ബെയ്സ്‌ലൈൻ വെഞ്ചേഴ്സുമായി ചേർന്ന് വോളിബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യ തന്നെയാണ് ലീഗ് സംഘടിപ്പിക്കുന്നത്. ഇന്ത്യൻ വോളിബോളിന്റെ പ്രതാപകാലം തിരിച്ചുപിടിക്കാനും യുവതാരങ്ങൾക്ക് അവസരമൊരുക്കാനും പ്രോ വോളി ലീഗിലൂടെ സാധിക്കുമെന്നാണ് കരുതുന്നത്.

ഉദ്ഘാടന സീസണിൽ ആറ് ടീമുകളാകും വോളിബോൾ കോർട്ടിൽ മാറ്റുരയ്ക്കുന്നത്. ഇതിൽ തന്നെ കേരളത്തിന്റെ രണ്ട് ടീമുകളുമുണ്ട്. കൊച്ചിയിൽ നിന്നും കൊച്ചി ബ്ലൂ സ്‌പൈക്കേഴ്സും കോഴിക്കോട് നിന്ന് കാലിക്കറ്റ് ഹീറോസുമാണ് കേരളത്തിൽ നിന്നുള്ള ടീമുകൾ. ഇതിന് പുറമെ അഹമ്മദാബാദ് ഡിഫൻഡേഴ്സ്, ചെന്നൈ സ്‌പാർത്തൻസ്, യു മുംമ്പ വോളി, ഹൈദരാബാദ് ബ്ലാക്ക് ഹ്വാക്ക്സ് എന്നീ ടീമുകളും പ്രോ വോളി ലീഗിൽ മത്സരിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook