കൊച്ചി: പ്രോ വോളിബോൾ ലീഗിൽ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്സിന് തകർപ്പൻ ജയം. അയൽക്കാരായ ചെന്നൈ സ്‌പാാർട്ടൻസിനെ മൂന്നിനെതിരെ രണ്ട് സെറ്റുകൾക്കാണ് കൊച്ചി പരാജയപ്പെടുത്തിയത്. ആദ്യ രണ്ട് സെറ്റും കൈവിട്ടുകളഞ്ഞ കൊച്ചി അവസാന മൂന്ന് സെറ്റ് സ്വന്തമാക്കിയാണ് മത്സരം വിജയിച്ചത്.

സ്കോർ: 12-15, 10-15, 15-11, 15-13, 15-10

വാശിയേറിയ ആദ്യ സെറ്റിന്റെ തുടക്കം മലയാളി താരം അഖിൻ കണ്ടെത്തിയ സ്മാഷിൽ ചെന്നൈ പോയിന്റ് നേടിക്കൊണ്ടായിരുന്നു. ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ബ്ലോക്ക് പോയിന്റ് നേടി മുന്നേറുന്ന ഡേവിഡ് ലീ കൊച്ചിയെ ഒപ്പമെത്തിച്ചെങ്കിലും ചെന്നൈ തിരിച്ചടിച്ചു. ഇരു ടീമുകളും ഒപ്പത്തിനൊപ്പം മത്സരിച്ചപ്പോൾ പോയിന്റും ഒരേപോലെ നീങ്ങി. എന്നാൽ അഖിൻ – റൂഡി സഖ്യം ഒന്നാം ഇടവേളയ്ക്ക് ശേഷം ചെന്നൈയെ മുമ്പിലെത്തിച്ചു (11-7). സൂപ്പർ പോയിന്റിലൂടെ മുന്നിലെത്താനുള്ള കൊച്ചിയുടെ ശ്രമം ചെന്നൈയ്ക്ക് അനുകൂലമായതോടെ ചെന്നൈ ആദ്യ 15-12ന് സ്വന്തമാക്കി.

രണ്ടാം സെറ്റിലും തുടക്കത്തിൽ കണ്ടത് ചെന്നൈയുടെ മുന്നേറ്റം. നായകൻ ഉക്രപാണ്ഡ്യൻ നിരന്തരം പിഴവുകൾ വരുത്തികൊണ്ടിരുന്നത് കൊച്ചിയ്ക്ക് തിരിച്ചടിയായി. ആദ്യ ഇടവേളയ്ക്ക് പിരിയുമ്പോൾ 8-5ന്റെ ലീഡ് നേടിയ ചെന്നൈ ആധിപത്യം തുടർന്നു. ഇത്തവണയും കൊച്ചിയുടെ സൂപ്പർ പോയിന്റും ചെന്നൈ സ്വന്തമാക്കി. അവസാന മിനിറ്റുകളിൽ നവീൻ രാജ തിളങ്ങിയതോടെ 15-10ന് രണ്ടാം സെറ്റും ചെന്നൈ അനായാസം സ്വന്തമാക്കി.

മൂന്നാം സെറ്റിലും റൂഡി ചെന്നൈയെ മുന്നിലെത്തിച്ചു. എന്നാൽ മത്സരത്തിലാധദ്യമായി കൊച്ചി ലീഡെടുത്തു. പ്രവീൺ കുമാറായിരുന്നു കൊച്ചി മുന്നേറ്റത്തിന് നേതൃത്വം നൽകിയത്. ഡേവിഡ് ലീയുടെ സ്‍മാഷുകൾ റിസീവ് ചെയ്യുന്നതിൽ ആവർത്തിച്ച് ചെന്നൈ പരാജയപ്പെടുകയും ചെയ്തതോടെ ആദ്യ ഇടവേളയ്ക്ക് തൊട്ടുമുമ്പ് 8-4ന് കൊച്ചി മുന്നിൽ. സൂപ്പർ പോയിന്റ് നേടി ഒപ്പമെത്താൻ ചെന്നൈ ശ്രമിച്ചെങ്കിലും പ്രവീണായിരുന്നു കൊച്ചിയുടെ മറുപടി. അടുപ്പിച്ച് രോഹിത് വരുത്തിയ പിഴവുകൾ കൊച്ചിയ്ക്ക് തിരിച്ചടിയായതോടെ ചെന്നൈ ഒപ്പമെത്തി (9-9). എന്നാൽ ഒരിക്കൽ കൂടി പ്രവീൺ കൊച്ചിയുടെ രക്ഷകനായി സൂപ്പർ പോയിന്റുൾപ്പടെ ആറ് പോയിന്റ് നേടി പ്രവീൺ കൊച്ചിയ്ക്ക് ആദ്യ സെറ്റ് സമ്മാനിച്ചു.

നാലാം സെറ്റിൽ കണ്ടത് കൊച്ചിയുടെ മുന്നേറ്റമായിരുന്നു. മത്സരത്തിൽ ആദ്യമായി ഒരു സെറ്റിന്റെ തുടക്കത്തിൽ ലീഡ് കണ്ടെത്തിയ (3-0) കൊച്ചി വിജയത്തിലേയ്ക്ക് എന്ന് തോന്നിപ്പിച്ചു. എന്നാൽ അതിവേഗം ഒപ്പമെത്താൻ ചെന്നൈയ്ക്കായി. ആദ്യ ഇടവേളയ്ക്ക് പിരിയുമ്പോൾ പോയിന്റ് 7-7 എന്ന നിലയിലായിരുന്നു. ലിബറോ ഹരിയുടെ മികച്ച രണ്ട് സേവുകളും പ്രഭാകരന്റെയും പ്രവീൺ കുമാറിന്റെയും സ്‌പൈക്കുകളും കൊച്ചിയ്ക്ക് നാലാം സെറ്റും സമ്മാനിച്ചു സ്കോർ 15-13.

നിർണായകമായ അഞ്ചാം സെറ്റിൽ ആദ്യ രണ്ട് പോയിന്റും നേടി ചെന്നൈ മുന്നിലെത്തി. എന്നാൽ സ്വന്തം കാണികളുടെ മുന്നിൽ ഇനി ഒരു പരാജയം കൂടി ഏറ്റുവാങ്ങാൻ കഴിയില്ലെന്ന് നന്നായി അറിയാവുന്ന കൊച്ചി ഒപ്പം പിടിച്ചു, സ്കോർ 4-4. ആദ്യ ഇടവേളയ്ക്ക് പിരിയുമ്പോൾ കൊച്ചി സെറ്റിൽ 8-6ന്റെ ലീഡ് കണ്ടെത്തി. ചെന്നൈ വിളിച്ച സൂപ്പർ പോയിന്റും തങ്ങൾക്ക് അനുകൂലമാക്കി കൊച്ചി ലീഡ് 12-6ന്റെ ലീഡെടുത്തു. എന്നാൽ അവസാന നിമിഷം ചെന്നൈ നടത്തിയ മുന്നേറ്റം കൊച്ചിയുടെ ജയം വൈകിപ്പിച്ചു. അർഹിച്ച വിജയം 15-10ന് സ്വന്തമാക്കി കൊച്ചി സെമി സാധ്യത സജീവമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook