കൊച്ചി: പ്രോ വോളിബോൾ ലീഗിന്റെ ആദ്യ പതിപ്പിൽ രണ്ടാം ജയം തേടി കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് ഇന്നിറങ്ങും. അഹമ്മദാബാദ് ഡിഫൻഡേഴ്സാണ് രണ്ടാം മത്സരത്തിൽ കൊച്ചിയുടെ എതിരാളികൾ. രാത്രി ഏഴ് മണിയ്ക്ക് കൊച്ചി രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലാണ് മത്സരം.
ആദ്യ മത്സരത്തിൽ യു മുംബ വോളിയെ ഒന്നിനെതിരെ നാല് സെറ്റുകൾക്ക് തകർത്ത ആത്മവിശ്വാസത്തിലാണ് കൊച്ചി അഹമ്മദാബാദിനെ നേരിടാനൊരുങ്ങുന്നത്. അഹമ്മദാബാദ് ആകട്ടെ ഹൈദരാബാദിനോട് ആദ്യ മത്സരത്തിൽ പരാജയപ്പെട്ടിരുന്നു. എന്നാൽ ലീഗിലെ ഏറ്റവും ശക്തരായ ടീമുകളിൽ ഒന്ന് തന്നെയാണ് അഹമ്മദാബാദ് ഡിഫൻഡേഴ്സും.
നായകൻ ഉക്രപാണ്ഡ്യൻ തന്നെയാണ് കൊച്ചി ടീമിന്റെ പ്രധാന കരുത്ത്. ടീമിന് ഉർജ്ജവും പകരാൻ അമേരിക്കൻ താരം ഡേവിഡ് ലീ ഇന്നും കോർട്ടിലിറങ്ങും. ഡേവിഡ് ലീയ്ക്കൊപ്പം രോഹിതും കൊച്ചിയ്ക്കായി പ്രതിരോധം തീർക്കും. അറ്റാക്കിങ്ങിൽ പ്രഭാകരനും ആൻഡ്രേജ് പെറ്റുക്കും ചേരുന്നതോടെ എതിരാളികൾക്ക് കാര്യങ്ങൾ അത്ര എളുപ്പമാകില്ല. മലയാളി താരം മനു ജോസഫും ടീമിൽ നിർണായക പങ്കുവഹിക്കും.
മറുവശത്ത് രഞ്ജിത് സിങ് നയിക്കുന്ന അഹമ്മദാബാദ് ഡിഫൻഡേഴ്സിന്റെ പ്രധാന കരുത്ത് സ്ലോവാക്യൻ താരം ബെജ്ലിക്കയും ഇന്ത്യൻ താരം വൈഷണവും തീർക്കുന്ന പ്രതിരോധമാണ്. ഗഗൻദീപ് സിങ്ങും ദിലീപും അക്രമണത്തിലെ കുന്തമുനകളാകും.