കൊച്ചി: പ്രോ വോളിബോൾ ലീഗിന്റെ പ്രഥമ പതിപ്പിൽ ചെന്നൈയ്ക്ക് ആദ്യ ജയം. ഹൈദരാബാദ് ബ്ലാക്ക് ഹ്വാക്ക്സിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ചെന്നൈ ആദ്യ ജയം സ്വന്തമാക്കിയത്. മത്സരത്തിലുടനീളം ചെന്നൈ ആധിപത്യം പുലർത്തിയപ്പോൾ ആദ്യ മത്സരത്തിൽ പുറത്തെടുത്ത പ്രകടനത്തിന്റെ നിഴൽ മാത്രമായി ഹൈദരാബാദ് ഒതുങ്ങി. 16 പോയിന്റുകൾ നേടിയ നവീനാണ് കളിയിലെ താരം.

സ്കോർ: 15-12, 15-12, 15-11, 15-10, 13-15.

അഖിന്റെ ബ്ലോക്ക് പുറത്തോട്ട് പോകുന്നതിലാണ് ആദ്യ സെറ്റിന്റെ തുടക്കം. പിന്നാലെ ഒന്നിനെ പുറകെ ഒന്നായി അഞ്ച് പോയിന്റുകൾ ഹൈദരാബാദ് അക്കൗണ്ടിൽ വീഴ്ത്തി. തുടക്കത്തിൽ കണ്ടെത്തിയ ലീഡ് ഹൈദരാബാദ് ഉയർത്തിക്കൊണ്ടിരുന്നു. എന്നാൽ 9-3ന്റെ ലീഡിൽ നിന്നും ഹൈദരാബാദ് അതിവേഗം വീണു. സ്കോർ പത്തിൽ നിൽക്കെ ചെന്നൈ ഒപ്പം പിടിച്ചു. പിന്നീട് മുന്നിലെത്തിയ ചെന്നൈയെ മറികടക്കാൻ ഒരുഘടത്തിലും ഹൈദരാബാദിന് കഴിയാതെ വന്നതോടെ 15-12ന് സ്‌പാർട്ടൻസ് ആദ്യ സെറ്റ് സ്വന്തമാക്കി.

രണ്ടാം സെറ്റിലും മുന്നിലെത്തിയത് ചെന്നൈയായിരുന്നു. ലീഡ് നിലനിർത്താൻ സ്‌പാർട്ടൻസിന് സാധിച്ചതോടെ ചെന്നൈ രണ്ടാം സെറ്റും ജയവും മുന്നിൽ കണ്ടു. അശ്വാൾ രാജും അലക്സാണ്ടറും നേടിയ സൂപ്പർ പോയിന്റുകളിൽ ഹൈദരാബാദ് ആദ്യമായി രണ്ടാം സെറ്റിൽ ലീഡെടുത്തു (11-10). എന്നാൽ വിജയത്തിലെത്താൻ ഹൈദരാബാദിന് ആ ലീഡ് മാത്രം കൊണ്ടായില്ല. രണ്ടാം സെറ്റും 15-12ന് ചെന്നൈ സ്വന്തമാക്കി.

മൂന്നാം സെറ്റിൽ തിരിച്ചുവരവെന്ന് തോന്നിപ്പിക്കുന്ന തരത്തിൽ ക്യാപ്റ്റന്റെ കാഴ്സൺ ആദ്യ പോയിന്റ് ഹൈദരാബാദിന് സമ്മാനിച്ചു. വിട്ടുകൊടുക്കാൻ ചെന്നൈ തയ്യാറാകാതെ വന്നതോടെ 4-4 വരെ നീണ്ട റാലി. ഒടുവിൽ 7-4ന്റെ ലീഡിൽ ചെന്നൈ മത്സരത്തിൽ വീണ്ടും ആധിപത്യം ഏറ്റെടുത്തു. 15-11ന് മൂന്നാം സെറ്റും സ്വന്തമാക്കി ചെന്നൈ ലീഗിലെ കന്നി ജയം സ്വന്തമാക്കി.

നാലാം സെറ്റിൽ ഒന്നും നഷ്ടപ്പെടാനില്ലാത്തവരെ പോലും ഇരു ടീമുകളും പോരാടി. ആദ്യ പോയിന്റ് നവീനിലൂടെ ചെന്നൈ അക്കൗണ്ടിൽ. അശ്വാൾ ഹൈദരാബാദിനെ ഒപ്പമെത്തിച്ചു. അശ്വാളിന്റെ തന്നെ പിഴവ് ചെന്നൈയ്ക്ക് ലീഡും നൽകിയതോടെ ചെന്നൈ കുതിപ്പിന് തുടക്കമായി. നായകൻ കാഴ്സന്റെ തന്ത്രങ്ങൾ ഒന്നൊന്നായി പിഴച്ചു. മറുവശത്ത് ചെന്നൈയ്ക്ക് വേണ്ടി നവീനും ഷെൽടേടനും പോയിന്റുകൾ നേടുകയും ചെയ്തു. നാലാം സെറ്റ് 10-15നാണ് ഹൈദരാബാദ് ചെന്നൈയ്ക്ക് മുന്നിൽ അടിയറവ് വെച്ചത്.

അഞ്ചാം സെറ്റിൽ ഹൈദരാബാദിന്റെ പതനം ,െന്നൈ പൂർത്തിയാക്കി. ആദ്യ പോയിന്റ് നേടിയ ഹൈദരാബാദിനെ മറികടന്ന് ചെന്നൈ കുതിച്ചു. ഒരു ഘട്ടത്തിൽ ഹൈദരാബാദ് മുന്നിലെത്തി. മുത്തുസ്വാമിയ്ക്ക് പകരക്കാരനായെത്തിയ പ്രശാന്താണ് ബ്ലാക്ക് ഹ്യാക്ക്സിന്റെ മുന്നേറ്റത്തിൽ പ്രധാന പങ്കുവഹിച്ചത്. 15-13ന് അഞ്ചാം സെറ്റ് നേടി, ആശ്വാസ ജയം കണ്ടെത്തി ഹൈദരാബാദ് മത്സരം അവസാനിപ്പിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook