ചെന്നൈ: പ്രഥമ പ്രോ വോളിബോൾ ലീഗിൽ കാലിക്കറ്റ് ഹീറോസ് ഫൈനലിൽ. ആദ്യ സെമിയിൽ യു മുംബ വോളിയെ പരാജയപ്പെടുത്തിയാണ് കാലിക്കറ്റ് ഹീറോസ് പ്രോ വോളിബോൾ ലീഗിൽ ഫൈനലിലെത്തുന്ന ആദ്യ ടീമായത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു കോഴിക്കോടിന്റെ ജയം. സ്കോർ: 15-12, 15-9, 16-14.

ലീഗിൽ ഒരിക്കൽ കൂടി ജെറോം വിനീതിന്റെ സ്‌പൈക്കിൽ കോഴിക്കോട് അക്കൗണ്ട് തുറന്ന മത്സരത്തിന്റെ ആദ്യ സെറ്റിന്റെ തുടക്കം മുതൽ കോഴിക്കോട് ആധിപത്യം ഏറ്റെടുത്തു. കാർത്തിക്കും ലോട്മാനും താളം കണ്ടെത്തിയതോടെ കോഴിക്കോടിന്റെ ലീഡ് ഉയർന്നു. സൂപ്പർ പോയിന്രും കോഴിക്കോട് നായകൻ ജെറോം വിനീതിന്റെ തുടർച്ചയായ രണ്ട് പിഴവുകളും മുംബൈയെ ഒപ്പമെത്തിച്ചു. സൂപ്പർ പോയിന്രിലൂടെ തന്നെയായിരുന്നു കോഴിക്കോട് മത്സരത്തിലേയ്ക്ക് തിരിച്ചെത്തിയത്. പിന്നാലെ 15-12ന് ആദ്യ സെറ്റ് കോഴിക്കോട് സ്വന്തമാക്കി.

രണ്ടാം സെറ്റിൽ ആദ്യ പോയിന്റ് ഇലൗനിയുടെ തകർപ്പൻ സ്മാഷിലൂടെ. പിന്നീട് ഇരു ടീമുകളും ശക്തമായ പോരാട്ടം പുറത്തെടുത്തതോടെ മത്സരം വാശിയേറിയായതായി. നായകൻ ജെറോം വിനീതിലൂടെ തന്നെയായിരുന്നു കോഴിക്കോടിന്റെ കുതിപ്പ്. എന്നാൽ ഒരു ഘട്ടത്തിൽ സൂപ്പർ പോയിന്റിലൂടെ ലീഡ് 11-7 ആക്കിയ കോഴിക്കോട് 15-9ന് സെറ്റും സ്വന്തമാക്കി.

പങ്കജ് ശർമ്മയിലൂടെ മൂന്നാം സെറ്റിൽ ആദ്യ പോയിന്റ് നേടി മുന്നിലെത്തിയത്. കോഴിക്കോട് നായകൻ ജെറോം വിനീതിന്റെ സെർവ് കൂടി പിഴയ്ക്കുകയും മുംബൈയ്ക്ക് വേണ്ടി വിനീത് കുമാറിന്റെ ബ്ലോക്ക് കൂടിയായതോടെ ലീഡ് 3-1 ആയി ഉയർന്നു. ഇലൗനിയും ലോട്മാനും പോരാടിയെങ്കിലും മുംബൈയുടെ ലീഡ് 7-12ലേയ്ക്ക് ഉയർന്നതോടെ കാലിക്കറ്റ് സമ്മർദ്ദത്തിലായി.

എന്നാൽ വിട്ടുകൊടുക്കാൻ കോഴിക്കോട് തയ്യാറാല്ലായിരുന്നു. മുംബൈ നായകൻ വരുത്തിയ പിഴവിൽ നിന്ന് ലഭിച്ച സൂപ്പർ പോയിന്റിലൂടെയും കോഴിക്കോട് നായകൻ ജെറോം വിനീതിന്റെ സൂപ്പർ സെർവിലൂടെയും മത്സരത്തിലാദ്യമായി കോഴിക്കോട് മുന്നിലെത്തി. ലോട്മാനും കാർത്തിക്കും തിളങ്ങിയതോടെ മൂന്നാം സെറ്റും മത്സരവും സ്വന്തമാക്കി കോഴിക്കോട് ഫൈനലിലേയ്ക്ക്. കൊച്ചി-ചെന്നൈ പോരാട്ടത്തിലെ വിജയികളാകും ഫൈനലിൽ കോഴിക്കോടിന്റെ എതിരാളികൾ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook