കൊച്ചി: പ്രഥമ പ്രോ വോളിബോൾ ലീഗിൽ കാലിക്കറ്റ് ഹീറോസിന് തുടർച്ചയായ രണ്ടാം ജയം. യു മുംബൈ വോളിയെ രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്കാണ് കോഴിക്കോട് പരാജയപ്പെടുത്തിയത്.
സ്കോർ: 15-10, 12-15, 15-13, 14-15, 15-9
കാലിക്കറ്റിന്റെ ഞെട്ടിച്ച് ആദ്യ രണ്ട് പോയിന്റും സ്വന്തമാക്കിയത് മുംബൈ ആയിരുന്നു. എന്നാൽ അജിത് ലാലിന്റെ തകർപ്പൻ സ്മഷുകളിൽ കോഴിക്കോട് ഒപ്പമെത്തി, പിന്നീട് മത്സരത്തിൽ ലീഡ് കണ്ടെത്തിയ കോഴിക്കോടിന് പലപ്പോഴും നിക്കോളാസിന്റെയും ദീപേഷിന്റെയും പ്രകടനം വെല്ലുവിളി ഉയർത്തി മുംബൈ വിളിച്ച രണ്ട് സൂപ്പർ പോയിന്റുകളും തങ്ങൾക്ക് അനുകൂലമാക്കിയതാണ് കോഴിക്കോടിനെ ആദ്യ സെറ്റ് നേടുന്നതിൽ സഹായകമായത്. 15-10നായിരുന്നു കോഴിക്കോട് ആദ്യ സെറ്റ് സ്വന്തമാക്കിയത്.
രണ്ടാം സെറ്റിൽ ആദ്യം അക്കൗണ്ട് തുറന്നത് കാലിക്കറ്റ് ഹീറോസായിരുന്നു. എന്നാൽ ആദ്യ സെറ്റ് കൈവിട്ട മുംബൈ രണ്ടാം സെറ്റിൽ കൂടുതൽ വീറോടെ പോരാടി. കോഴിക്കോട് വിളിച്ച സൂപ്പർ പോയിന്റ് മുംബൈയ്ക്ക് അനുകൂലമായതോടെ 10-6ന്റെ ലീഡ്. ലിബറോ രതീഷിന്റെ സേവുകളും നായകൻ ജെറോമിന്റെ സ്മാഷുകളും പാഴായതോടെ മുംബൈ കുതിച്ചു. 19 മിനിറ്റ് നീണ്ട രണ്ടാം സെറ്റ് 15-12ന് മുംബൈ സ്വന്തമാക്കുകയും ചെയ്തു. രണ്ടാം സെറ്റിൽ കോസ്കോവിച്ചും ദിപേഷ് കുമാറും മുംബൈയ്ക്ക് വേണ്ടി മൂന്ന് പോയിന്റ് വീതം നേടി.
മൂന്നാം സെറ്റിൽ വിജയിക്കാനുറച്ചിറങ്ങിയ കാലിക്കറ്റിന് ഹീറോസിന് പക്ഷെ കാര്യങ്ങൾ അത്ര എളുപ്പമല്ലായിരുന്നു. മത്സരത്തിലെ ഏറ്റവും വാശിയേറിയ സെറ്റിൽ പോയിന്റ് നില മാറി മറിഞ്ഞു നിന്നു. 12-12 എന്ന സ്കോറിൽ നിന്ന് കോഴിക്കോടിന്റെ നായകൻ ജെറോം വിനീതിന്റെ ബുള്ളറ്റ് സ്മാഷിൽ മുന്നിലെത്തി. എന്നാൽ വിട്ടുകൊടുക്കാൻ മുംബൈ നായകൻ ദീപേഷും തയ്യാറല്ലായിരുന്നു. അവസാന നിമിഷം ഹൈഡ്രജൻ ബോയി അജിത് ലാൽ ഒരിക്കൽ കൂടി ലക്ഷ്യം കണ്ടപ്പോൾ കാലിക്കറ്റ് 15-13ന് മൂന്നാം സെറ്റ് സ്വന്തമാക്കി.
നാലാം സെറ്റിലും അക്കൗണ്ട് തുറന്നത് കാലിക്കറ്റ് തന്നെ. സ്പ്രീങ് പോലെ കുത്തിച്ചുയർന്ന അജിത് ലാൽ മുംബൈയുടെ കോർട്ടിൽ ബുള്ളറ്റ് സ്മാഷുകൾ പതിപ്പിച്ചുകൊണ്ടിരുന്നു. എന്നാൽ മുംബൈ ഒരുഘട്ടത്തിൽ 13-10 സ്കോറിന് മുന്നിലേയ്ക്ക് കുതിച്ചു. അവിടെ നിന്നും 14-14ന് സ്കോർ എത്തിയ്ക്കാൻ കോഴിക്കോടിന് സാധിച്ചെങ്കിലും ജയം മുംബൈയ്ക്കൊപ്പമായിരുന്നു.
Hydrogen is lighter than air, they say! @CalicutHeroes #HydrogenBoy #Chembada #RuPayPVL #ThrillKaCall pic.twitter.com/L0EPuerYGl
— Pro Volleyball (@ProVolleyballIN) February 5, 2019
വിജയിക്കളെ കണ്ടെത്താനുള്ള നിർണായകമായ അഞ്ചാം സെറ്റിൽ ആദ്യ സെർവ് തന്നെ പോയിന്റാക്കി മാറ്റി ജെറോം വിനീത് കോഴിക്കോടിന് മികച്ച തുടക്കം നൽകി. ആദ്യം ലഭിച്ച ആധിപത്യം തുടരാൻ കോഴിക്കോടിനായില്ല. ഇരു ടീമുകളും ഒപ്പത്തിനൊപ്പം നീങ്ങിയതോടെ 6-6 വരെ നീണ്ട റാലി. എന്നാൽ മുംബൈ വിളിച്ച സൂപ്പർ പോയിന്റ് തങ്ങൾക്കനുകൂലമാക്കിയും സൂപ്പർ സെർവിലൂടെയും ലഭിച്ച ബോണസ് പോയിന്റിൽ കോഴിക്കോട് 12-6 ന്റെ ലീഡിലേയ്ക്കുയർന്നു. കോസ്കോവിച്ചിന്റെ സെർവ് പാഴായതോടെ 15-9ന് അഞ്ചാം സെറ്റിന് സ്വന്തമാക്കി കോഴിക്കോടിന് തുടർച്ചയായ രണ്ടാം ജയം.