കൊച്ചി: പ്രോ വോളിബോൾ ലീഗിൽ കേരളത്തിൽ നിന്നുള്ള രണ്ടാമത്തെ ടീമായ കാലിക്കറ്റ് ഹീറോസും ചെന്നൈ സ്പാർട്ടൻസും തമ്മിലുള്ള പോരാട്ടത്തിനായി കാത്തിരിക്കുകയാണ് വോളിബോൾ ആരാധകർ. മത്സരം തുടങ്ങുന്നതിന് മുമ്പ് തന്നെ കൊച്ചിയിൽ ഉത്സവാന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണ് കാലിക്കറ്റ് ഹീറോസിന്റെ ആരാധകർ. ഫുട്ബോളിനും ക്രിക്കറ്റിനും നൽകിയ അതേ വരവേൽപ്പാണ് വോളിബോളിനും മലബാറി ആരാധകർ നൽകുന്നത്.
ഐഎസ്എൽ പോരാട്ടങ്ങൾ കാണാൻ എത്തിയിരുന്നത് പോലെ തന്നെ കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്ന് സംഘങ്ങളായി തന്നെയാണ് വോളിബോൾ ആരാധകർ കോഴിക്കോട് നിന്നുള്ള തങ്ങളുടെ സ്വന്തം ടീമിന് പിന്തുണയുമായി കൊച്ചിയിൽ എത്തിയിരിക്കുന്നത്. ചെമ്പട എന്ന ആരാധക കൂട്ടായ്മ കൊച്ചിയെ ഇളക്കി മറിക്കുകയാണ്.
രാത്രി ഏഴ് മണിക്കാണ് കോഴിക്കോട് ഹീറോസും ചെന്നൈ സ്പാർട്ടൻസും തമ്മിലുള്ള മത്സരം. പ്രോ വോളിബോള്‍ ലീഗിന്‌റെ ആദ്യ പതിപ്പില്‍ മാറ്റുരയ്ക്കുന്നത് ആറ് ടീമുകളാണ്. ഇതി തന്നെ രണ്ട് ടീമുകള്‍ കേരളത്തെ പ്രതിനിധികരിച്ച് കോര്‍ട്ടിലിറങ്ങും. കൊച്ചിയിൽ നിന്നുള്ള കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സും കോഴിക്കോട് നിന്നുള്ള കാലിക്കറ്റ് ഹീറോസുമാണ് പ്രോ വോളിബോള്‍ ലീഗിൽ കേരളത്തില്‍ നിന്നുള്ള രണ്ട് ടീമുകള്‍.
ഇന്നലെ നടന്ന മത്സരത്തിൽ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്സ് യു മുംബ വോളിയെ ഒന്നിനെതിരെ നാല് സെറ്റുകൾക്ക് പരാജയപ്പെടുത്തിയിരുന്നു. ആകെയുള്ള അഞ്ച് സെറ്റുകളിൽ നാലും സ്വന്തമാക്കിയാണ് കൊച്ചി ടൂർണമെന്റിലെ ആദ്യ ജയം സ്വന്തം അക്കൗണ്ടിൽ ചേർത്തത്. സ്കോർ :15-11, 15-13, 15-08, 15-10, 05-15.