കൊച്ചി: പ്രഥമ പ്രോ വോളിബോൾ ലീഗിൽ അഹമ്മദാബാദ് ഡിഫൻഡേഴ്‌സിനെ തകർത്ത് ഹൈദരാബാദ് ബ്ലാക്ക് ഹ്വാക്ക്സിന് ജയം. അഞ്ച് സെറ്റ് നീണ്ടുനിന്ന മത്സരത്തിനൊടുവിൽ രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്കാണ് യുവത്വത്തിന്റെ കരുത്തുമായി എത്തിയ ഹൈദരാബാദ് ബ്ലാക്ക് ഹ്വാക്ക്സ് ലീഗിലെ കന്നി ജയം സ്വന്തമാക്കിയത്. റഫറിങ്ങിലെ പിഴവ് മത്സരത്തിന്റെ ശോഭ കെടുത്തി. പലപ്പോഴായി താരങ്ങൾ റഫറിയുമായി തർക്കിക്കുന്നതും കാണാമായിരുന്നു. ഹൈദരാബാദ് നായകൻ കാഴ്‌സൺ ക്ലർക്കാണ് കളിയിലെ താരം.

സ്കോർ: 15-11, 13-15, 15-11, 14-15, 15-9

നായകൻ കാഴ്സന്റെ തകർപ്പൻ സ്മാഷിൽ ആദ്യ പോയിന്റ് സ്വന്തമാക്കിയത് ഹൈദരാബാദ് ബ്ലാക്ക് ഹ്വാക്ക്സാണ്. കേരള താരം മുത്തുസ്വാമി സെർവിൽ വരുത്തിയ പിഴവിൽ അഹമ്മദാബാദും ഒപ്പമെത്തി. പിന്നീട് 6-6 വരെ നീണ്ട റാലിയ്ക്കൊടുവിൽ ഹൈദരാബാദ് രണ്ട് പോയിന്റിന്റെ ലീഡെടുത്തു. സൂപ്പർ പോയിന്റിലൂടെ മുന്നിലെത്താനുള്ള അഹമ്മദാബാദിന്റെ ശ്രമവും വിഫലമായതോടെ ആദ്യ സെറ്റ് 15-11ന് ഹൈദരാബാദ് സ്വന്തമാക്കി.

രണ്ടാം സെറ്റിൽ മുന്നിലെത്തിയത് അഹമ്മദാബാദായിരുന്നു. അഹമ്മദാബാദിന്റെ സെർബിയൻ താരം ബെജ്‌ലിക്കയുടെ സെർവുകൾ പോയിന്റുകൾ സ്വന്തമാക്കിയപ്പോൾ അഹമ്മദാബാദിന് 6-2ന്റെ ലീഡ്. ഗഗൻദീപിന്റെ ബുള്ളറ്റ് സ്മാഷുകളും കൂടിയായതോടെ രണ്ടാം സെറ്റ് 15-13ന് അഹമ്മദാബാദിന്.

രണ്ടാം സെറ്റ് കൈവിട്ടുകളഞ്ഞ ഹൈദരാബാദ് മൂന്നാം സെറ്റിൽ ശക്തമായ തിരിച്ചുവരവ് നടത്തി. അശ്വാളും രോഹിതും താളം കണ്ടെത്തിയതോടെ ഹൈദരാബാദ് സർവ്വശക്തരായി. 9-2 ന്റെ ലീഡെടുത്ത ഹൈദരാബാദ് അനായാസം വിജയത്തിലേക്ക് നീങ്ങി. 15-11ന് ആയിരുന്നു ഇത്തവണ ഹൈദരാബാദിന്റെ ജയം.

അടുത്ത സെറ്റിലും ആദ്യ പോയിന്റ് സ്വന്തമാക്കിയത് ഹൈദരാബാദ് തന്നെയായിരുന്നു. എന്നാൽ വൈഷ്ണവ് എന്ന തകർപ്പൻ അറ്റാക്കറുടെ മുന്നിൽ ഹൈദരാബാദിന് പിടിച്ചു നിൽക്കാനായില്ല. അതിവേഗം മത്സരത്തിൽ ഒപ്പമെത്തിയ അഹമ്മദാബാദ് സ്കോർ 15-14ന് നാലാം സെറ്റ് സ്വന്തമാക്കി. ഇതോടെ വിജയികളെ കണ്ടെത്താൻ മത്സരം അഞ്ചാം സെറ്റിലേക്ക്.

ജീവൻ-മരണ പോരാട്ടത്തിലേയ്ക്ക് നീങ്ങിയ അഞ്ചാം സെറ്റിൽ അമിതിന്റെ തന്ത്രപരമായ സെർവുകൾ ഹൈദരാബാദിന് ലീഡ് സമ്മാനിച്ചു. നെറ്റിന് അരികിൽ അശ്വാളും രോഹിതും പ്രതിരോധ കോട്ടകൂടി കെട്ടിയതോടെ മത്സരം ഹൈദരാബാദിന്റെ വരുതിയിൽ. അവസാന സെറ്റ് 15-9നാണ് ഹൈദരാബാദ് ബ്ലാക്ക് ഹ്വക്ക്സ് സ്വന്തമാക്കിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ