ന്യൂഡൽഹി: ക്യാപ്ടന്റെ ഇന്നിംഗ്സുമായി കളം നിറഞ്ഞ നായകൻ ശ്രേയസ് അയ്യരുടെ തകർപ്പൻ ബാറ്റിംഗിന്റെ പിൻബലത്തിലാണ് ഇന്നലെ നടന്ന ഐ.പി.എൽ മത്സരത്തിൽ ഡെൽഹി ഡെയർ ഡെവിൾസ് 55 റൺസിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ കീഴടക്കിയത്.

ആദ്യം ബാറ്റ് ചെയ്ത ഡൽഹി ഡെയർ ഡെവിൾസ് നിശ്ചിത ഇരുപത് ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 219 റൺസെടുത്തു. മറുപടിക്കിറങ്ങിയ കൊൽക്കത്തയ്ക്ക് ഇരുപതോവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 164 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ.

ഗൗതം ഗംഭീറിന് പകരം നായകനായ ശ്രേയസ് സമ്മർദ്ദം ഒട്ടുമില്ലാതെ പുറത്തെടുത്ത ഗംഭീര ബാറ്റിംഗാണ് തുടർച്ചായായ തോൽവികൾക്ക് ശേഷം ഡൽഹിക്ക് ജയം സമ്മാനിച്ചത്. 40 പന്തിൽ നിന്ന് 10 സിക്സും 3 ഫോറും ഉൾപ്പെടെ 93 റൺസുമായി ശ്രേയസ് പുറത്താകാതെ നിന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഡൽഹിക്കായി ഓപ്പണറായ പ്രിഥ്വി ഷായുടെ ഗംഭീര പ്രകടനവും തുണയായി. ആദ്യം പതിഞ്ഞ താളത്തില്‍ തുടങ്ങിയ പൃഥ്വി പിന്നെ കത്തിക്കയറുകയായിരുന്നു. 44 പന്ത് നേരിട്ട അദ്ദേഹം ഏഴ് ഫോറുകളും രണ്ട് സിക്സറുകളുമാണ് പറത്തിയത്. ഇതില്‍ ഏറെ ശ്രദ്ധേയമായത് അദ്ദേഹത്തിന്റെ ഹെലിക്കോപ്റ്റര്‍ ഷോട്ട് തന്നെയായിരുന്നു. ധോണിയുടെ അത്രയും വരില്ലെങ്കിലും ശക്തമായ പ്രഹരമാണ് പൃഥ്വി മിച്ചല്‍ ജോണ്‍സന്റെ പന്തില്‍ നല്‍കിയത്. മഹേന്ദ്രസിംഗ് ധോണിയുടെ ഹെലിക്കോപ്റ്റര്‍ ഷോട്ടിനെ അനുകരിക്കാനാണ് പൃഥ്വി ശ്രമിച്ചതെന്ന് ആരാധകര്‍ സോഷ്യല്‍മീഡിയയില്‍ അഭിപ്രായപ്പെട്ടു.

പൃഥ്വി ഷായും കോളിൻ മുൺറോയും (18 പന്തിൽ 33) ചേർന്ന് നല്ല തുടക്കമാണ് നൽകിയത്. മുൺറോയെ ടീം സ്കോർ 59ൽ വച്ച് ശിവം മവി ക്ലീൻബൗൾഡാക്കിയെങ്കിലും തുടർന്ന് ക്രീസിലെത്തിയ ശ്രേയസ് പ്രിഥ്വിക്കൊപ്പം ചേർന്ന് ടീമിന്റെ ആക്രമണച്ചുമതല ഏറ്രെടുക്കുകയായിരുന്നു. ടീം സ്കോർ 127ൽ എത്തിയപ്പോൾ പ്രിഥ്വിയെയും തൊട്ടു പിന്നാലെ റിഷഭ് പന്തിനെയും (0) ഡൽഹിക്ക് നഷ്ടമായെങ്കിലും അഞ്ചാമനായെത്തിയ മാക്സ്വെല്ലിനൊപ്പം (27) ശ്രേയസ് ഡൽഹിയുടെ ഇന്നിംഗ്സ് അനായാസം മുന്നോട്ട് കൊണ്ടുപോവുകയായിരുന്നു.

ഡൽഹി ഉയർത്തിയ വൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ കൊൽക്കത്തയെ 2 വിക്കറ്റ് വീതം വീഴ്ത്തിയ ട്രെൻഡ് ബൗൾട്ട്, ഗ്ലെൻ മാക്സ്വെൽ, ആവേശ് ഖാൻ, അമിത് മിശ്ര എന്നിവർ ചേർന്നാണ് പിടിച്ചുകെട്ടിയത്.
കൊൽക്കത്തയുടെ ബാറ്റ്സ്മാൻമാരിൽ ആന്ദ്രേ റസ്സലിനും ( 44) ശുഭം ഗില്ലിനും (37), സുനിൽ നരെയ്നും (26) മാത്രമേ ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനായുള്ളൂ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ