/indian-express-malayalam/media/media_files/uploads/2018/10/prithvi-1.jpg)
ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിലെ പ്രധാന ശ്രദ്ധാ കേന്ദ്രമായിരുന്നു യുവതാരം പൃഥ്വി ഷാ. എന്നാൽ സന്നാഹ മത്സരത്തിനിടെ പരുക്കേറ്റ് നാട്ടിലേയ്ക്ക് മടങ്ങേണ്ടി വന്ന പൃഥ്വി ഷായ്ക്ക് ഓസ്ട്രേലിയൻ പരമ്പര നഷ്ടമായി. ഓസ്ട്രേലിയൻ പരമ്പര മാത്രമല്ല കഴിഞ്ഞ മൂന്ന് മാസമായി പരിശീലനം പോലും നടത്താൻ കഴിയാതെ വിശ്രമത്തിലായിരുന്നു താരം.
ഇപ്പോഴിതാ സജീവ ക്രിക്കറ്റിലേയ്ക്ക് മടങ്ങി വരാൻ ഒരുങ്ങുകയാണ് താരം. മുഷ്‌താഖ് അലി ട്രോഫി ടി20യില്‍ ഷാ മുംബൈയ്ക്കായി കളിക്കുകയാണ് പൃഥ്വി ഷായുടെ ലക്ഷ്യം. നെറ്റ്സിൽ ഇതിനോടകം താരം പരിശീലനവും ആരംഭിച്ചു കഴിഞ്ഞു. ഫെബ്രുവരി 21നാണ് ടൂർണമെന്റിന് തുടക്കമാകുന്നത്. ഓസ്ട്രേലിയൻ പര്യടനം ഇന്ത്യ നേടിയെങ്കിലും നിർണായക പോരാട്ടം നഷ്ടമായതിന്റെ വിഷമം ഇപ്പോഴും പന്തിനുണ്ട്.
"മികച്ച നിലവാരമുള്ള ഓസീസ് ബോളിങ് നിരയ്ക്കെതിരെ കളിക്കാനുള്ള മികച്ച അവസരം നഷ്ടമായത് എന്നെ ഏറെ നിരാശനാക്കി. എന്നാല്‍ ചില കാര്യങ്ങള്‍ നമ്മുടെ കൈകളിലല്ല. മുഷ്‌താഖ് അലി ട്രോഫിയില്‍ കളിച്ച് താളം കണ്ടെത്താനും ആത്മവിശ്വാസം തിരിച്ചുപിടിക്കാനുമാണ് ശ്രമം," ഷാ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
കഴിഞ്ഞ നവംബറിലാണ് ഓസ്ട്രേലിയൻ പരമ്പരയ്ക്ക് മുന്നോടിയായി നടന്ന സന്നാഹ മത്സരത്തിനിടെ പൃഥ്വി ഷായ്ക്ക് പരുക്കു പറ്റുന്നത്. ഫീൽഡിങ്ങിനിടെ ഓസ്ട്രേലിയൻ ഓപ്പണർ മാക്സ് ബ്രെയ്ന്റിന്റെ ക്യാച്ചെടുക്കാനുളള ശ്രമത്തിനിടെയാണ് ഷായുടെ ഇടതു കണങ്കാലിന് പരുക്കേറ്റത്. ആദ്യ മത്സരം നഷ്ടമായെങ്കിലും അടുത്ത മത്സരം മുതൽ കളിയ്ക്കാമെന്ന പ്രതീക്ഷ ഉണ്ടായിരുന്നു. എന്നാൽ പരുക്ക് ഗുരുതരമാകുകയായിരുന്നു.
വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ സെഞ്ചുറിയുമായി അരങ്ങേറ്റം കുറിച്ച താരമാണ് ഷാ. അതിനാല്‍ വളരെ പ്രതീക്ഷയോടെയാണ് താരത്തെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ടീമിലുള്‍പ്പെടുത്തിയത്. ഓസ്ട്രേലിയ്ക്കെതിരായ സന്നാഹ മത്സരത്തിലും ഇന്ത്യൻ താരം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 69 പന്തിൽ നിന്നും 66 റൺസ് നേടിയ പൃഥ്വി ഷാ തന്നെയാണ് ഇന്ത്യയുടെ ടോപ് സ്കോററായതും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.