രാജ്കോട്ട്: യുവതാരം പൃഥ്വി ഷാ വെസ്റ്റ് ഇൻഡീസിനെതിരായ രാജ്കോട്ട് ടെസ്റ്റിൽ അരങ്ങേറ്റം കുറിക്കും. ആദ്യ ടെസ്റ്റിനുള്ള 12 അംഗ സ്ക്വാഡിൽ പൃഥ്വി ഷായും ഇടം പിടിച്ചിട്ടുണ്ട്. ഇതോടെയാണ് താരം രാജ്കോട്ടിൽ തന്നെ അരങ്ങേറ്റം കുറിക്കുമെന്ന് ഉറപ്പായത്. ഇന്ത്യക്കായി ടെസ്റ്റ് കളിക്കുന്ന 293മത്തെ താരമായാകും താരം പാഡ് കെട്ടുക.

എന്നാൽ 12 അംഗ സ്ക്വാഡിൽ യുവ താരങ്ങളായ മായങ്ക് അഗർവാളും ഹനുമാ വിഹാരിയും ഇടംപിടിച്ചില്ല. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് ഇരുവർക്കും ടീമിൽ ഇടം നൽകാൻ കാരണം. ആദ്യ ടെസ്റ്റിൽ പക്ഷെ പൃഥ്വി ഷായ്ക്ക് മാത്രമാണ് അവസരം ലഭിക്കുക. എഷ്യാ കപ്പിലെ ഇടവേളക്ക് ശേഷം ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തിയ വിരാട് കോഹ്‍ലിയാണ് ഇന്ത്യയെ നയിക്കുന്നത്.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിൽ അരങ്ങേറ്റം കുറിച്ച ഹനുമാ വിഹാരി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അരങ്ങേറ്റ മത്സരത്തിൽ തന്നെ മൂന്ന് വിക്കറ്റുകൾ വീഴ്‍ത്തിയ താരത്തിന് അടുത്ത മത്സരത്തിൽ അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കായിക ലോകം.

അതേസമയം അന്തിമ ഇലവനിൽ ആരൊക്കെയെന്ന് വ്യക്തമല്ല. ബോളേഴ്സിന്റെ കാര്യത്തിലാണ് അനിശ്ചിതത്വം നിലനിൽക്കുന്നത്. ആർ അശ്വിൻ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ് എന്നിവരടങ്ങുന്ന സ്പിൻ ത്രയത്തെയാണോ മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ഷാർദുൽ താക്കൂർ എന്നിവരടങ്ങുന്ന പേസ് ത്രയത്തെയാണോ ഇന്ത്യ ആദ്യ മത്സരത്തിൽ ഇറക്കുകയെന്ന് വ്യക്തമല്ല. മൂന്ന് പേസർമാർക്ക് അവസരം നൽകുകയാണെങ്കിൽ ഷാർദുൽ താക്കൂറിനും ആദ്യമത്സരമാകും രാജ്കോട്ടിലേത്.

ഇംഗ്ലണ്ടിനെതിരായ അവസാന രണ്ട് ടെസ്റ്റ് മത്സരങ്ങളിലും പൃഥ്വി ഷാ ടീമിലുണ്ടായിരുന്നെങ്കിലും അന്തിമ ഇലവനിൽ ഇടംപിടിച്ചിരുന്നില്ല. വെസ്റ്റ് ഇൻഡീസിനെതിരെ ഇന്നിങ്സ് ഓപ്പൻ ചെയ്യുന്നതും താരമാകും. ഇംഗ്ലണ്ടിലെ മോശം പ്രകടനത്തെ തുടർന്ന് ശിഖർ ധവാൻ ടീമിന് പുറത്ത് പോയതോടെയാണ് യുവതാരത്തിന് അവസരം ഒരുങ്ങുന്നത്.

പൃഥ്വി ഷാ തന്റെ സ്വാഭാവിക അക്രമണ ശൈലിയിൽ തന്നെ പരമ്പരയിൽ കളിക്കണമെന്നാണ് ആഗ്രഹമെന്ന് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെ പറഞ്ഞു. ” ചെറുപ്പകാലം തൊട്ട് പൃഥ്യൂ ഷായെ അറിയാം. ഒന്നിച്ച് പരിശീലനം നടത്തിയിട്ടുമുണ്ട്. അക്രമണ സ്വഭാവമുള്ള ഓപ്പണിങ് ബാറ്റ്സ്മാനാണ് ഷാ. മുംബൈക്ക് വേണ്ടിയും, ഇന്ത്യ എ ടീമിനുവേണ്ടിയും സ്ഥിരതയോടെ ബാറ്റ് വീശിയ താരത്തിന് പുതിയ ദൗത്യത്തിലും തിളങ്ങാനാകും.” രഹാനെ പറഞ്ഞു.

ആദ്യ ടെസ്റ്റിനുള്ള 12 അംഗ ടീം- വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍),കെഎല്‍ രാഹുല്‍, പൃഥ്വി ഷാ, ചേതേശ്വര്‍ പൂജാര,അജിങ്ക്യ രഹാനെ, റിഷാഭ് പന്ത് (വിക്കറ്റ് കീപ്പർ), ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ഷാര്‍ദുല്‍ താക്കൂര്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook