ലിങ്കൻ: ഇന്ത്യൻ സീനിയർ ടീമിലേക്ക് മടങ്ങിവരവ് പ്രതീക്ഷിച്ചിരിക്കുകയാണ് യുവതാരം പൃഥ്വി ഷാ. വിലക്കിന് ശേഷം മടങ്ങിയെത്തിയ താരം ആഭ്യന്തര ക്രിക്കറ്റിൽ വെടിക്കെട്ട് ഇന്നിങ്സുകളുമായി തിളങ്ങിയതിന് പിന്നാലെ ഇന്ത്യൻ എ ടീമിന് വേണ്ടിയും തകർപ്പൻ പ്രകടനം പുറത്തെടുത്തിരിക്കുകയാണ്. ന്യൂസിലൻഡ് എയ്ക്കെതിരായ മത്സരത്തിൽ 100 പന്തിൽ നിന്ന് 150 റൺസാണ് പൃഥ്വി ഷാ സ്വന്തമാക്കിയത്. 22 ഫോറും രണ്ട് സിക്സും അടങ്ങുന്ന ഷാ ഷോ മികവിൽ ഇന്ത്യ എ 12 റൺസിന്റെ ജയം സ്വന്തമാക്കുകയും ചെയ്തു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എയ്ക്ക് വേണ്ടി ഓപ്പണറായി ഇറങ്ങിയ പൃഥ്വി ഷാ മായങ്ക് അഗർവാളിനൊപ്പം ചേർന്ന് മികച്ച തുടക്കമാണ് സന്ദർശകർക്ക് നൽകിയത്. എന്നാൽ 36 പന്തിൽ 32 റൺസുമായി മായങ്ക് കളം വിട്ടതോടെ ഇന്ത്യ പരുങ്ങലിലായി. പിന്നാലെ എത്തിയ നായകൻ ശുഭ്മാൻ ഗിൽ 24 റൺസും സൂര്യകുമാർ യാദവ് 26 റൺസും ഇഷാൻ കിഷൻ 14 റൺസും നേടി പുറത്താകുമ്പോഴും ക്രീസിൽ നിലയുറപ്പിച്ച ഷാ കൃത്യമായി ഇന്ത്യൻ സ്കോർബോർഡ് നിശ്ചിത വേഗതയിൽ ചലിപ്പിച്ചുകൊണ്ടിരുന്നു.
Also Read: ചെങ്കോട്ടയിൽ ഇന്ന് ചെകുത്താന്മാർ; ലിവർപൂളും മാഞ്ചെസ്റ്ററും കൊമ്പുകോർക്കുമ്പോൾ
ടീം സ്കോർ 264ൽ എത്തിയ ശേഷമാണ് ഷാ പുറത്താകുന്നത്. ഈ സമയത്തിനുള്ളിൽ ഷാ 150 റൺസ് അക്കൗണ്ടിലെത്തിച്ചിരുന്നു. ആറാമനായി ക്രീസിലെത്തിയ വിജയ് ശങ്കറാണ് പിന്നീട് ഇന്ത്യ എ ടീമിന് വേണ്ടി ബാറ്റിങ് ഉത്തരവാദിത്വം ഏറ്റെടുത്തത്. 41 പന്തിൽ 58 റൺസുമായി താരം കൂടി കണ്ടെത്തിയതോടെ ഇന്ത്യ 49.2 ഓവറിൽ 372 റൺസെന്ന മികച്ച സ്കോറിലെത്തി.
Also Read: ഐഎസിഎല്ലിൽ കറുത്ത കുതിരകളാകാൻ കേരള ബ്ലാസ്റ്റേഴ്സ്; ജംഷ്ഡ്പൂരിനെതിരെ ഇറങ്ങുക പുതിയ രൂപത്തിൽ
മറുപടി ബാറ്റിങ്ങിൽ ആതിഥേയരെ ഞെട്ടിച്ചുകൊണ്ട് ഇന്ത്യൻ സീനിയർ ടീമിലേക്ക് വിളി കാത്തിരിക്കുന്ന മറ്റൊരു താരം ഇഷാൻ പോറൽ രണ്ടാം ഓവറിൽ തന്നെ ന്യൂസിലൻഡിന്റെ ആദ്യ വിക്കറ്റ് വീഴ്ത്തി. എന്നാൽ പിന്നീട് താളം കണ്ടെത്തിയ ജാക്ക് ബോയ്ൽ, ഫിൻ അലൻ, ഡാറിൽ മിച്ചൽ, ഡെയ്ൻ ക്ലെവർ എന്നിവർ ജയത്തിലേക്ക് കുതിച്ചെങ്കിലും ഇന്ത്യ പിടിച്ചുകെട്ടുകയായിരുന്നു. നേരത്തെ ആദ്യ മത്സരത്തിൽ 92 റൺസിനാണ് ഇന്ത്യ എ ന്യൂസിലൻഡ് എയെ പരാജയപ്പെടുത്തിയത്.
Also Read: ഇന്ത്യൻ ടീമിൽ സ്ഥിരസാന്നിധ്യമാകാൻ അഞ്ച് പേസർമാർ; പട്ടികയിൽ രണ്ട് മലയാളികളും
സയ്യിദ് മുഷ്താഖ് അലി ട്രോഫി ടൂര്‍ണമെന്റിലായിരുന്ന മുംബൈ താരത്തിന്റെ തിരിച്ചുവരവ്. മുംബൈയും അസമും തമ്മിലായിരുന്നു കളി. 39 പന്തുകളില്‍നിന്നു 63 റണ്‍സാണ് ഓപ്പണര്‍ അടിച്ചു കൂട്ടിയത്. ഇതില്‍ ഏഴ് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടും. പിന്നീട് രഞ്ജി ട്രോഫിയിലും തിളങ്ങാൻ താരത്തിനായി.