സിഡ്‌നി: ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര തുടങ്ങും മുമ്പു തന്നെ ഇന്ത്യക്കേറ്റ കനത്ത തിരിച്ചടിയായിരുന്നു കൗമാരതാരം പൃഥി ഷായുടെ പരുക്ക്. സന്നാഹ മത്സരത്തിനിടെ കാലിന് പരുക്കേറ്റ് ഷായ്ക്ക് ആദ്യ ടെസ്റ്റ് ടീമില്‍ ഇടം നേടാനായില്ല. ഇന്ത്യന്‍ ക്രിക്കറ്റിലെ ഭാവിവാഗ്‌ദാനമായി വിലയിരുത്തുന്ന ഷായുടെ അപ്രതീക്ഷിത പുറത്താകല്‍ ക്രിക്കറ്റ് ആരാധകര്‍ക്കും കടുത്ത വേദനായി മാറി.
പരുക്ക് മാറി ഷാ മെല്‍ബണില്‍ നടക്കുന്ന മൂന്നാം ടെസ്റ്റോടെ മടങ്ങിയെത്തുമെന്നാണ് പരിശീലകന്‍ രവി ശാസ്ത്രി പറയുന്നത്. ഡിസംബര്‍ 26 നാണ് മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നത്.
”അവന് സംഭവിച്ചത് വേദനിപ്പിക്കുന്ന കാഴ്ചയായിരുന്നു. പക്ഷെ അവന്‍ പതിയെ ആരോഗ്യം വീണ്ടെടുക്കുന്നുവെന്നത് നല്ല വാര്‍ത്തയാണ്. നടന്നു തുടങ്ങി. ഈ ആഴ്ചയോടെ തന്നെ ഓടാനാരംഭിക്കും. അതൊരു നല്ല സൂചനയാണ്” ഓസീസ് റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ശാസ്ത്രി പറഞ്ഞു.
ക്രിക്കറ്റ് ഓസ്‌ട്രേലിയയ്ക്കെതിരെ നടന്ന സന്നാഹ മത്സരത്തിനിടെ ബൗണ്ടറി ലൈനിനരികെ വച്ച് ക്യാച്ചെടുക്കുന്നതിനിടെയായിരുന്നു ഷായുടെ കാലിന് പരുക്കേല്‍ക്കുന്നത്. തുടര്‍ന്ന് താരത്തെ ഫിസിയോ ടീം എടുത്തു കൊണ്ടാണ് പുറത്തേക്ക് പോയത്.
”യുവാവാണ്, പെട്ടെന്നു തന്നെ റിക്കവറാകും. പെര്‍ത്ത് ടെസ്റ്റ് അടുക്കുമ്പോഴേക്കും തീരുമാനത്തിലെത്തും” ശാസ്ത്രി പറഞ്ഞു. അതേസമയം, ഓസ്‌ട്രേലിയയെ കരുത്ത് കുറച്ച് കാണാനാകില്ലെന്നും സ്വന്തം ഗ്രൗണ്ടില്‍ എല്ലാവരും ശക്തരാണെന്നും എന്നാല്‍ ഇന്ത്യന്‍ താരങ്ങളുടെ കഴിവും അനുഭവ സമ്പത്തും ഉപകരിക്കുമെന്നും ശാസ്ത്രി പറഞ്ഞു.