വലിയ വില കൊടുക്കേണ്ടി വരും; പന്ത് ഷായുടെ ബാറ്റിൽ തട്ടി പോയിട്ടും ചെന്നൈ താരങ്ങൾ അപ്പീൽ ചെയ്തില്ല

ഷായുടെ ബാറ്റിൽ എഡ്ജ് ചെയ്തായിരുന്നു പന്ത് ധോണിയുടെ കൈകളിൽ എത്തിയത്

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 13-ാം പതിപ്പിലെ എട്ടാം മത്സരത്തിൽ ചെന്നൈയ്ക്കെതിരെ മികച്ച അടിത്തറ പാകാൻ ഡൽഹി ക്യാപിറ്റൽസിനായി. ക്രീസിൽ നിലയുറപ്പിച്ച ഓപ്പണർമാരായ പൃഥ്വി ഷായും ശിഖർ ധവാനും മികച്ച തുടക്കമാണ് ഡൽഹിക്ക് നൽകിയത്. എടുത്തുപറയേണ്ടത് അർധസെഞ്ചുറിയുമായി കളം നിറഞ്ഞ യുവതാരം പൃഥ്വി ഷായുടെ പ്രകടനമാണ്. 43 പന്തിൽ 64 റൺസ് നേടിയ ഷാ ശരിക്കും ക്രീസിലെ തന്റെ രണ്ടാമൂഴത്തിലാണ് കളം നിറഞ്ഞത്. ചെന്നൈ താരങ്ങളുടെ അശ്രദ്ധയ്ക്ക് അവർ വലിയ വില കൊടുക്കേണ്ടിയും വന്നു.

ഡൽഹി ഇന്നിങ്സ് ഓപ്പൺ ചെയ്യാൻ പൃഥ്വി ഷായായിരുന്നു സ്ട്രൈക്ക് എൻഡിൽ. ദീപക് ചാഹറെറിഞ്ഞ ആദ്യ പന്ത് അടിച്ചെങ്കിലും റൺസൊന്നും എടുക്കാൻ സാധിച്ചില്ല. രണ്ടാം പന്ത് സ്ട്രെയ്റ്റ് ഡ്രൈവ് ചെയ്യാനുള്ള ശ്രമവും പരാജയപ്പെട്ടു. പന്ത് നേരെ വിക്കറ്റ് കീപ്പർ ധോണിയുടെ കൈകളിലേക്ക്. ഷായുടെ ബാറ്റിൽ എഡ്ജ് ചെയ്തായിരുന്നു പന്ത് ധോണിയുടെ കൈകളിൽ എത്തിയത്.

എന്നാൽ ചെന്നൈ താരങ്ങളൊന്നും ഇക്കാര്യം ശ്രദ്ധിക്കാഞ്ഞതിനാൽ ആരും തന്നെ അപ്പീൽ ചെയ്തില്ല. അതിനാൽ അമ്പയർ വിക്കറ്റും നൽകിയില്ല. അടുത്ത രണ്ട് പന്തും ബൗണ്ടറി പായിച്ച ഷാ വെടിക്കെട്ടിന് തുടക്കമിടുകയും ചെയ്തു. ചെന്നൈ നായകൻ ധോണിയുൾപ്പടെ ആരും ശ്രദ്ധിക്കാതെ പോയ ആ എഡിജിങ്ങിന് പകരം കൊടുക്കേണ്ടി വന്നത് അർധസെഞ്ചുറിയായിരുന്നു.

ശിഖർ ധവാനൊപ്പം ചേർന്ന് ഒന്നാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത പൃഥ്വി ഷാ ഡൽഹിക്ക് മികച്ച തുടക്കം സമ്മാനിച്ചു. ഒന്നാം വിക്കറ്റിൽ 94 റൺസാണ് ഇരുവരും ചേർന്ന് അടിച്ചെടുത്തത്. ഒരു സിക്സും ഒമ്പത് ഫോറും അടങ്ങുന്നതായിരുന്നു പൃഥ്വി ഷായുടെ ഇന്നിങ്സ്. 35 റൺസെടുത്ത ശിഖർ ധവാനെ പുറത്താക്കി പിയൂഷ് ചൗളയാണ് സഖ്യം പൊളിച്ചത്. പിന്നാലെ ഷായെയും ചൗള തന്നെയാണ് പുറത്താക്കിയത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Prithvi shaw edges the ball no one appeals from csk

Next Story
IPL 2020-CSK vs DC: ചെന്നൈയെ 44 റൺസിന് കീഴ്പ്പെടുത്തി ഡൽഹി; ധോണിപ്പടയ്ക്ക് തുടർച്ചയായ രണ്ടാം തോൽവി
The moderation of comments is automated and not cleared manually by malayalam.indianexpress.com